കാര്‍ഷിക വായ്പ: സര്‍ക്കാര്‍ ബാങ്കേഴ്‌സ് സമിതിയുടെ യോഗം വിളിക്കും; സമ്പത്ത് ഡല്‍ഹിയിലെ കേരള പ്രതിനിധിയാവും

മൊറട്ടോറിയം കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ ഇന്നുമുതല്‍ വായ്പകള്‍ തിരിച്ചടച്ചുതുടങ്ങണം. എന്നാല്‍, ഇന്ന് മുതല്‍ ജപ്തി നടപടികള്‍ തുടങ്ങുമെന്ന പ്രചാരണം ശരിയല്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്എല്‍ബിസി) വ്യക്തമാക്കി. കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്നും വായ്പ പുനക്രമീകരിക്കാന്‍ ഒരിക്കല്‍കൂടി അവസരം നല്‍കണമെന്നുമാണ് സംസ്ഥാന സര്‍ക്കാരും എസ്എല്‍ബിസിയും റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്.

Update: 2019-08-01 06:12 GMT

തിരുവനന്തപുരം: കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടണമെന്ന ആവശ്യത്തോട് റിസര്‍വ് ബാങ്ക് പ്രതികരിക്കാത്തതിനാല്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മൊറട്ടോറിയം കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ ഇന്നുമുതല്‍ വായ്പകള്‍ തിരിച്ചടച്ചുതുടങ്ങണം. എന്നാല്‍, ഇന്ന് മുതല്‍ ജപ്തി നടപടികള്‍ തുടങ്ങുമെന്ന പ്രചാരണം ശരിയല്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്എല്‍ബിസി) വ്യക്തമാക്കി. കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്നും വായ്പ പുനക്രമീകരിക്കാന്‍ ഒരിക്കല്‍കൂടി അവസരം നല്‍കണമെന്നുമാണ് സംസ്ഥാന സര്‍ക്കാരും എസ്എല്‍ബിസിയും റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്.

മൂന്നുമാസം വായ്പകള്‍ തരിച്ചടയ്ക്കാതിരുന്നാല്‍ വായ്പകള്‍ കിട്ടാക്കടമായി മാറുമെന്ന ഭയത്തിലാണ് വായ്പയെടുത്ത കര്‍ഷകര്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി എ സമ്പത്തിനെ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം നിയമിച്ചു. ഡല്‍ഹിയിലെ കേരള ഹൗസില്‍ സമ്പത്തിന് പ്രത്യേക ഓഫിസും വാഹനവും ലഭ്യമാക്കും. ഇതോടൊപ്പം സമ്പത്തിന്റെ ഓഫിസില്‍ രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. ഇതോടൊപ്പം ഒരു ഡ്രൈവറും പ്യൂണും ഓഫിസിലുണ്ടാവും. 2009 മുതല്‍ 2019 വരെ നീണ്ട 10 വര്‍ഷക്കാലം ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എംപിയായി പ്രവര്‍ത്തിച്ച സമ്പത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടുമാസം തികയും മുമ്പാണ് സമ്പത്തിന് പുതിയ പദവി നല്‍കി സര്‍ക്കാര്‍ ഡല്‍ഹിയിലേക്ക് അയക്കുന്നത്. 

Tags:    

Similar News