കടബാധ്യത; ഇടുക്കിയിൽ കര്‍ഷകന്‍ സ്വയം വെടിവെച്ചു മരിച്ചു
കര്‍ഷകനായ സന്തോഷിന് 23 സെന്റ് സ്ഥലമാണുള്ളത്. ഇതുകൂടാതെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നുമുണ്ട്. ചില പ്രശ്‌നങ്ങള്‍മൂലം കഴിഞ്ഞ കുറച്ചുമാസങ്ങളായി കടുത്ത മാനസിക വിഷമത്തിലായിരുന്നു.
ഇടുക്കി: കടബാധ്യതയെത്തുടര്‍ന്ന് കര്‍ഷകന്‍ സ്വയം വെടിവെച്ചു മരിച്ചു. പൂപ്പാറയ്ക്ക് സമീപം മുള്ളന്‍തണ്ട് കാക്കുന്നേല്‍ കെ പി സന്തോഷാണ്(45) മരിച്ചത്. വീടിനുള്ളില്‍ വെച്ച് നാടന്‍ തോക്കുകൊണ്ട് കഴുത്തില്‍ വെടിവയ്ക്കുകയായിരുന്നു. കഴിഞ്ഞമാസം മരത്തില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് നട്ടെല്ലിന് പരുക്കേറ്റ് ചികിത്സയിലായിരുന്ന സന്തോഷ്.
ആശുപത്രിയില്‍ നിന്ന് മടങ്ങിയെങ്കിലും വീട്ടില്‍ കിടപ്പിലായിരുന്നു. കഴിഞ്ഞദിവസങ്ങളിലായി സന്തോഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ വീടിനുപുറത്തുപോയി വന്ന സന്തോഷ് കഴുത്തില്‍ വെടിവെയ്ക്കുകയായിരുന്നു.
കര്‍ഷകനായ സന്തോഷിന് 23 സെന്റ് സ്ഥലമാണുള്ളത്. ഇതുകൂടാതെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നുമുണ്ട്. ചില പ്രശ്‌നങ്ങള്‍മൂലം കഴിഞ്ഞ കുറച്ചുമാസങ്ങളായി കടുത്ത മാനസിക വിഷമത്തിലായിരുന്നു സന്തോഷെന്നും ചികിത്സയ്ക്കും മറ്റുമായി വന്‍തുക ചെലവായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. ഇടുക്കി ജില്ലാ സഹകരണബാങ്കില്‍ നാലു ലക്ഷത്തോളം രൂപയുടെ ലോൺ ഇയാള്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തോക്കിന് ലൈസന്‍സില്ലെന്നാണ് പ്രാഥമിക നിഗമനം.