മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങൾ പിന്‍വലിക്കുക; നാളെ ജില്ലാ കേന്ദ്രങ്ങളില്‍ എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്

കര്‍ഷക വിരുദ്ധ നിയമനിര്‍മാണത്തിനെതിരായ പ്രക്ഷോഭം രാജ്യത്ത് ഫാഷിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2020-09-24 07:02 GMT

തിരുവനന്തപുരം: രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ത്തെറിയുന്ന പുതിയ നിയമ നിര്‍മാണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാളെ നടക്കുന്ന ദേശീയ കര്‍ഷക ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. പുതിയ നിയമനിര്‍മാണം കര്‍ഷക വിരുദ്ധവും കാര്‍ഷിക മേഖലയെ കോര്‍പറേറ്റ് വല്‍ക്കരിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചു. പുതിയ നിയമനിര്‍മാണത്തോടെ കാര്‍ഷിക മേഖലയും തകരാനിടയാകും. സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കര്‍ഷകരുടെ മേല്‍ ചൂഷണത്തിന് അവസരമൊരുക്കുന്നതാണ് പുതിയ നിയമങ്ങള്‍. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പാസ്സാക്കുന്നതിനെതിരേ എന്‍.ഡി.എ ഘടകക്ഷിയായ ശിരോമണി അകാലിദള്‍ നേതാവും കേന്ദ്രമന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരുന്നു. സ്വന്തം ഘടകകക്ഷികളെ പോലും നിയമ നിര്‍മാണത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനാവുന്നില്ല. പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്ത് ശബ്ദവോട്ടോടെ ബില്‍ പാസ്സാക്കിയതിലൂടെ നിയമനിര്‍മാണ സഭകളെ പോലും കൈയ്യൂക്ക് കൊണ്ട് നിഷ്‌ക്രിയമാക്കാമെന്നാണ് സംഘപരിവാരം വിളിച്ചു പറയുന്നത്. രാജ്യത്തെ കൊടിയ തകര്‍ച്ചയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന മോദി ഭരണത്തിനെതിരേ രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും ഭിന്നതകള്‍ മറന്ന് ഒരുമിക്കേണ്ട അടിയന്തര സാഹചര്യമാണുള്ളതെന്നും മജീദ് ഫൈസി പറഞ്ഞു. കര്‍ഷക വിരുദ്ധ നിയമനിര്‍മാണത്തിനെതിരായ പ്രക്ഷോഭം രാജ്യത്ത് ഫാഷിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News