പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ അന്തരിച്ചു

എഴുന്നൂറോളം സിനിമകള്‍ക്കും പ്രഫഷനല്‍ നാടകങ്ങള്‍ക്കും സംഗീതമൊരുക്കി.

Update: 2020-04-06 00:37 GMT

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അന്ത്യം. എഴുന്നൂറോളം സിനിമകള്‍ക്കും പ്രഫഷനല്‍ നാടകങ്ങള്‍ക്കും സംഗീതമൊരുക്കി. 2017 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഭയാനകം എന്ന ചിത്രത്തിന് സംഗീതമൊരുക്കിയതിനായിരുന്നു പുരസ്‌കാരം. 2008ല്‍ കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. എ ആര്‍ റഹ്മാന്റെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റം അര്‍ജുനന്‍ മാസ്റ്റര്‍ വഴിയായിരുന്നു.

അര്‍ജുനന്‍ മാസ്റ്റര്‍ക്കൊപ്പം കീ ബോര്‍ഡ് പ്ലയറായി റഹ്മാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അര്‍ജുനന്‍ മാസ്റ്റര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അദ്ദേഹം, മാനത്തിന്‍ മുറ്റത്ത്, ഹൃദയമുരുകി നീ, പൗര്‍ണമിചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിന്‍ മണിയറയിലെ, പാലരുവിക്കരയില്‍, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളില്‍, ആയിരം അജന്താശില്പങ്ങളില്‍, രവിവര്‍മച്ചിത്രത്തിന്‍ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിപക്ഷവും മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്. 1936 ആഗസ്ത് 25ന് ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും 14 മക്കളില്‍ ഏറ്റവും ഇളയവനായാണ് അര്‍ജുനന്റെ ജനം.

നാടകരംഗത്ത് പ്രവര്‍ത്തിക്കവെ, ദേവരാജന്‍ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് സിനിമയില്‍ അര്‍ജുനന്‍മാസ്റ്റര്‍ക്ക് അവസരമൊരുക്കിയത്. ദേവരാജന്‍ മാഷിനുവേണ്ടി നിരവധി ഗാനങ്ങള്‍ക്ക് അദ്ദേഹം ഹാര്‍മോണിയം വായിച്ചു. 1968ല്‍ 'കറുത്ത പൗര്‍ണമി' എന്ന ചിത്രത്തിലെ അഞ്ചുഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത് തന്റെ പേര് എഴുതിച്ചേര്‍ക്കാന്‍ അര്‍ജുനന്‍മാസ്റ്റര്‍ക്കു കഴിഞ്ഞു. തന്റെ ജീവിതം പകര്‍ത്തിയെഴുതിയ പോലെ പി ഭാസ്‌കരന്‍ പാട്ടെഴുതി കൊടുത്തപ്പോള്‍ ഹൃദയമുരുകി എം കെ അര്‍ജുനന്‍ ഈണം പകര്‍ന്നു.

Tags:    

Similar News