മൊബൈല്‍ കടയില്‍ വ്യാജമദ്യ വില്‍പന; കടയുടമ എക്‌സൈസ് പിടിയില്‍

മാസ് മൊബൈല്‍ ഷോപ്പ് ഉടമ പുതിയത്തില്‍ റിയാസ് എന്നയാളെ പത്ത് പാക്കറ്റ് വ്യാജമദ്യം സഹിതം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

Update: 2019-12-15 11:07 GMT

പരപ്പനങ്ങാടി: എക്‌സൈസ് റെയ്ഞ്ച് ഓഫിസിന് കീഴില്‍ എആര്‍ നഗര്‍ അങ്ങാടിയില്‍ മൊബൈല്‍ ഷോപ്പ് കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പ്പന നടത്തിവന്നയാളെ എക്‌സൈസ് പിടികൂടി. മാസ് മൊബൈല്‍ ഷോപ്പ് ഉടമ പുതിയത്തില്‍ റിയാസ് എന്നയാളെ പത്ത് പാക്കറ്റ് വ്യാജമദ്യം സഹിതം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഉദ്ദേശം 100 മില്ലി ലിറ്റര്‍ നേര്‍പ്പിച്ച മദ്യം ചെറിയ കവറിലാക്കി ഉരുക്കി ഒട്ടിച്ച് പേപ്പറില്‍ പൊതിഞ്ഞ് ചെറിയ പായ്ക്കറ്റുകളാക്കി മാറ്റി മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടാതെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുകയായിരുന്നു പ്രതി.

എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ വ്യാജമദ്യത്തിന് പുറമേ മദ്യം പായ്ക്കുചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് കവറുകള്‍ പൊതിയാനുള്ള പേപ്പറുകള്‍, റബ്ബര്‍ ബാന്‍ഡുകള്‍, കവര്‍ ഉരുക്കി ഒട്ടിക്കുന്നതിനുള്ള സീലിങ് മെഷീന്‍ എന്നിവയും തൊണ്ടിപ്പണമായി 8900 രൂപയും കണ്ടുകിട്ടി. പ്രിവന്റീവ് ഓഫിസര്‍ പി ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രമോദ് ദാസ്, ഷിജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സിന്ധു പട്ടേരി വീട്ടില്‍, ഡ്രൈവര്‍ വിനോദ് എന്നിവര്‍ പങ്കെടുത്തു. 

Tags:    

Similar News