കര്‍ദിനാളിനെതിരെ വ്യാജ രേഖ: അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഇന്ത്യന്‍ കാത്തലിക് ഫോറം

വൈദികരുടെയും സ്വകാര്യ ബാങ്കിലെയും പഞ്ചനക്ഷത്ര ഹോട്ടല്‍ ജീവനക്കാരുടെയും പങ്ക് അന്വേഷിക്കണം.വെളിപ്പെടുത്തല്‍ നടത്തിയ ഫാ. ആന്റണി പൂതവേലിലിന് സംരക്ഷണം നല്‍കാന്‍ അതിരൂപത തയാറാകണം

Update: 2019-05-03 03:24 GMT

കൊച്ചി: സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ ചമച്ച് അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ച കേസ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണന്നെ് ഇന്ത്യന്‍ കാത്തലിക് ഫോറം(ഗ്ലോബല്‍) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.എറണാകുളം-അങ്കമാലി അതിരൂപതയിലെ മുതിര്‍ന്ന വൈദികനും മുന്‍ വൈദിക സമിതി അംഗവുമായ ഫാ. ആന്റണി പൂതവേലിലിന്റ വെളിപ്പെടുത്തല്‍ ഗൗരവതരവും വിശ്വാസികളെയും പൊതുസമൂഹത്തെയും ഞെട്ടിപ്പിക്കുന്നതാണെന്നും ഇവര്‍ പറഞ്ഞു.സീറോ മലബാര്‍ സഭയുടെ മേലധ്യക്ഷനും 55 ലക്ഷത്തിലധികം വിശ്വാസികളുടെ ആധ്യത്മിക നേതാവുമായ മേജര്‍ ആര്‍ച്ച് ബിഷപിനെതിരെ ഗൂഡാലോചന നടത്തി വാസ്തവ വിരുദ്ധമായ രേഖകള്‍ സൃഷ്ടിച്ചുവെന്നതിനു പിന്നില്‍ വൈദകര്‍ക്ക് പങ്കുണ്ട് എന്നത് വിശ്വാസികളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.കഴിഞ്ഞ ഒന്നരവര്‍ഷമായി സഭയുടെ മേലധ്യക്ഷനെതിരെ നിരന്തരമായി മാധ്യമങ്ങളിലൂടെയും കേസുകളിലൂടെയും അപകീര്‍ത്തിപെടുത്തി അപഹസിക്കുന്നതിന് ഒരു പറ്റം വൈദികരും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളായ അല്‍മായരും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനത്തിന്റെ മറുവശം ഈ വ്യാജരേഖക്കേസിലുടെ പുറത്തു വന്നിരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

മേജര്‍ ആര്‍ച് ബിഷപും കെസിബിസിയുടെ പ്രസിഡന്റായ ആര്‍ച് ബിഷപ് സൂസപാക്യം അടക്കം ഒമ്പത് മെത്രാന്മാരും കൊച്ചിയിലെ ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടല്‍ ഡയറക്ടര്‍മാരും ചേര്‍ന്ന് ഈ ഹോട്ടലില്‍ മീറ്റിംഗ് ചേര്‍ന്നുവെന്നും മേജര്‍ ആര്‍ച് ബിഷപിന് രണ്ടു സ്വകാര്യ ബാങ്കുകളില്‍ അക്കൗണ്ടുകളുണ്ടെന്നു തോന്നുന്ന വിധം ഈ അക്കൗണ്ടുകളില്‍ നിന്നും ലക്ഷങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലിന്റെ അക്കൗണ്ടിലേക്ക് നല്‍കിയെന്നും കാണിക്കുന്ന വ്യാജ രേഖകള്‍ സൃഷ്ടിച്ചതിന്റെ പിന്നിലെ ഗൂഡലക്ഷ്യം അന്വേഷ വിധേയമാക്കണം.ഈ ആരോപണം ഉയര്‍ന്നിട്ടും ഹോട്ടല്‍ പ്രതിനിധികളോ ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥരോ നിഷേധക്കുറിപ്പ് ഇറക്കുകയോ പരാതികൊടുക്കുകയോ ചെയ്യാത്തത് വ്യാജ രേഖകള്‍ നിര്‍മിക്കാന്‍ അവിടുത്തെ ജീവനക്കാരുടെ സഹായവും ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കപെടുന്നത് ഈ സാഹചര്യത്തില്‍ ഈ രണ്ടും സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പങ്കും അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഒപ്പം വൈദികര്‍ക്കുള്ള പങ്കും അന്വേഷിക്കണം.ഫാ.ആന്റണി പൂതവേലില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടക്കുന്ന ഭീഷണികള്‍ തടയാന്‍ ധാര്‍മികവും നിയമപരവുമായ സംരക്ഷണം നല്‍കാന്‍ അതിരൂപത തയാറാകണം.അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ സീറോ മലബാര്‍ സഭ സിനഡും കത്തോലിക്ക മെത്രാന്‍ സമിതിയും വൈദിക സമിതിയും അന്വേഷിക്കണമെന്നും ഭാരവാഹികളായ അഡ്വ. മെല്‍ബിന്‍ മാത്യു(പ്രസിഡന്റ്),ബിനു ചാക്കോ(വൈസ് പ്രസിഡന്റ്),അഡ്വ.ഡാല്‍ബി ഇമ്മാനുവല്‍(ജനറല്‍ സെക്രട്ടറി) ആവശ്യപ്പെട്ടു 

Tags:    

Similar News