'ഇസ്രായേലി യുദ്ധവിമാനത്തിൽ സൗമ്യയുടെ പേര്'; സംഘപരിവാരം പ്രചരിപ്പിക്കുന്ന ചിത്രം ചൈനീസ് യുദ്ധവിമാനത്തിന്റേത്

ചൈനീസ് യുദ്ധവിമാനമായ ജെ-10സിയുടെ ചിത്രം എഡിറ്റ് ചെയ്തുകൊണ്ട് സൗമ്യയുടെ പേര് വിമാനത്തിനുമേൽ എഴുതിചേർക്കുകയായിരുന്നു

Update: 2021-05-18 01:28 GMT

കോഴിക്കോട്: ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തെ തുടർന്നുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ പേര് ഇസ്രായേലി യുദ്ധവിമാനത്തിനുമേൽ ആലേഖനം ചെയ്തു എന്ന വാദത്തോടെ സംഘപരിവാരം പ്രചരിക്കുന്ന ചിത്രം വ്യാജം. ഈ ചിത്രം എഡിറ്റ് ചെയ്യപ്പെട്ടതാണെന്നാണ് വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ 'ഫാക്ട് ക്രെസെൻഡോ' പറയുന്നത്.

ചൈനീസ് യുദ്ധവിമാനമായ ജെ-10സിയുടെ ചിത്രം എഡിറ്റ് ചെയ്തുകൊണ്ട് സൗമ്യയുടെ പേര് വിമാനത്തിനുമേൽ എഴുതിചേർക്കുകയായിരുന്നു എന്നാണ് വസ്തുതാ പരിശോധനാ വെബ്‌സൈറ്റ് പറയുന്നത്. ഗൂഗിൾ റിവേഴ്‌സ് ഇമേജ് സർച്ചിലൂടെയാണ് സൈറ്റ് ഈ വസ്തുത കണ്ടെത്തിയത്.


ചൈനീസ് യുദ്ധവിമാനങ്ങളെ കുറിച്ച് പരാമർശിക്കുന്ന ചൈനീസ് ഭാഷയിലുള്ള ഒരു ലേഖനത്തിലാണ് ഈ ചിത്രമുള്ളത്. ഈ യുദ്ധവിമാനത്തിന്റെ ചിത്രത്തെ എഡിറ്റ് ചെയ്തുകൊണ്ടാണ് സംഘപരിവാർ അനുകൂല സാമൂഹിക മാധ്യമ പ്രൊഫൈലുകൾ ഇസ്രായേലി യുദ്ധവിമാനത്തിന്റേതെന്ന് പ്രചരിപ്പിക്കുന്നത്.

ഇതുകൂടാതെ സൗമ്യയുടെ മരണത്തിനു കാരണമായ, ഹമാസ് നടത്തിയ ആക്രമണത്തിന് പകരംവീട്ടാന്‍ ഉപയോഗിക്കാന്‍ പോകുന്ന യുദ്ധവിമാനങ്ങളില്‍ ഒന്നിന് സൗമ്യയുടെ പേര് നല്‍കും എന്ന് സൗമ്യയുടെ സഹോദരി ഷെറില്‍ ബെന്നി അറിയിച്ചതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്തിരുന്നു.

എന്നാൽ ഇക്കാര്യം ഇസ്രായേൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നും 'ഫാക്ട് ക്രെസെൻഡോ' പറയുന്നുണ്ട്. ഇസ്രായേൽ എംബസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങൾ സൈറ്റിന് ലഭിച്ചില്ല.