ഐഎച്ച്ആര്‍ഡി എന്‍ജിനിയറിങ് കോളജിലെ ബസിലെ സ്ഫോടനം: ഓയില്‍ ഇറങ്ങിയതുകൊണ്ടാകാമെന്ന് പ്രാഥമിക നിഗമനം, ടര്‍ബോ പൊട്ടിയില്ലെന്ന്

Update: 2025-11-29 06:39 GMT

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിങ് കോളേജിലെ ബസ് നന്നാക്കുന്നതിനിടയില്‍ സ്ഫോടനമുണ്ടായതിനെക്കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. ഫൊറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ ബസില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചു. സംശയാസ്പദമായിട്ടുള്ളതൊന്നും ലഭിച്ചില്ലെന്നാണ് വിവരം.

എന്‍ജിന്റെ ശേഷി കൂട്ടുന്ന ടര്‍ബോ ചാര്‍ജര്‍ മാറ്റി സ്ഥാപിച്ചശേഷം വ്യാഴാഴ്ച രാത്രി സ്റ്റാര്‍ട്ടാക്കിയപ്പോള്‍ ഉണ്ടായ സ്ഫോടനത്തില്‍ മെക്കാനിക് ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശി കുഞ്ഞുമോന്‍ മരിച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ടര്‍ബോ പൊട്ടിയിട്ടില്ലെന്നു കണ്ടെത്തി.

എന്‍ജിന്റെ കംപ്രഷനിലേക്ക് ഓയില്‍ ഇറങ്ങിയതു മൂലമുണ്ടായ പ്രവര്‍ത്തനമാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ യന്ത്രഭാഗങ്ങള്‍ പൊട്ടിത്തെറിച്ചതിനാല്‍ വിശദമായ പരിശോധനയ്ക്കുശേഷമേ അന്തിമനിഗമനത്തില്‍ എത്താന്‍ കഴിയൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശനിയാഴ്ചയും പരിശോധന നടത്തും.

നന്നാക്കിയ ടര്‍ബോ ഘടിപ്പിച്ചശേഷം സ്റ്റാര്‍ട്ടാക്കിയപ്പോള്‍ വാഹനത്തില്‍നിന്ന് വലിയ ശബ്ദമുയര്‍ന്നിരുന്നു. അല്പസമയത്തിനുള്ളില്‍ ഗിയര്‍ബോക്സും ക്ലച്ചും സഹിതമുള്ള യന്ത്രഭാഗങ്ങള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ടര്‍ബോ സാധാരണ പൊട്ടിത്തെറിക്കാറില്ലെന്നാണ് വാഹന വിദഗ്ധര്‍ പറയുന്നത്. ഇതു ശരിവെക്കുന്നതാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിഗമനവും. കൂടുതല്‍ പരിശോധനയ്ക്കും വിദഗ്ധ അഭിപ്രായ ശേഖരണത്തിനുമായി വാഹന നിര്‍മാണക്കമ്പനിയുടെ വിദഗ്ധരുടെ സേവനവും മോട്ടോര്‍ വാഹന വകുപ്പ് തേടിയിട്ടുണ്ട്.13 വര്‍ഷം പഴക്കമുള്ളതാണ് ബസ്. ബസിന്റെ കാലപ്പഴക്കവും അപകടത്തിന് കാരണമായോയെന്ന് പരിശോധിക്കുന്നുണ്ട്. ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍ടിഒ പ്രസാദിന്റെ നേതൃത്വത്തിലാണ് ബസ് പരിശോധിച്ചത്.