തൃശ്ശൂര്‍ പൂര വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്നിടത്ത് സ്ഫോടനം; എട്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്

Update: 2026-04-21 12:35 GMT

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ടു സാമഗ്രികള്‍ നിര്‍മിക്കുന്ന അഞ്ച്് വെടിമരുന്ന് പുരകളില്‍ ഉണ്ടായ വന്‍സ്ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ദൃക്‌സാക്ഷികളുടെ മൊഴിയനുസരിച്ച് വൈകീട്ട് അഞ്ചര മണി വരെ അതില്‍ക്കൂടുതല്‍ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും ലഭിച്ചതായി തൃശ്ശൂര്‍ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ അറിയിച്ചു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തിരുവമ്പാടി ദേവസ്വം ബോര്‍ഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്ന മുണ്ടത്തിക്കോടാണ് സ്‌ഫോടനം നടന്നത്.

തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനുള്‍പ്പെടെ ഉള്ളവര്‍ക്കാണ് പൊള്ളലേറ്റത്. ഇപ്പോഴും പടക്കസാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്. ചെറിയ വഴിയായതിനാല്‍ ഫയര്‍ഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താന്‍ പ്രയാസം നേരിട്ടു. തുടര്‍ന്ന് സമീപത്തെ മതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയത്.

ഈ മാസം 24-ന് നടക്കേണ്ട തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനുള്ള പടക്കമാണ് ഇവിടെ നിര്‍മിച്ചിരുന്നത്. രണ്ട് വലിയ സ്ഫോടനമാണ് ആദ്യം കേട്ടത്. കിലോമീറ്ററുകളോളം അകലേയ്ക്ക് സ്ഫോടനശബ്ദം കേട്ടുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.