മണി ട്രാൻസ്ഫർ സ്ഥാപനങ്ങൾ തുറക്കുന്നില്ല; നിരവധി പ്രവാസി കുടുംബങ്ങൾ ദുരിതത്തിൽ
രാജ്യത്തെ മണി ട്രാൻസ്ഫർ സ്ഥാപനങ്ങൾക്കു തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞ മാസം 24നു കേന്ദ്ര സർക്കാർ അനുമതി നൽകിയെങ്കിലും സംസ്ഥാനത്ത് ഭൂരിഭാഗം സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.
തിരുവനന്തപുരം: മണി ട്രാൻസ്ഫർ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ നിരവധി പ്രവാസി കുടുംബങ്ങൾ ദുരിതത്തിൽ. ആയിരക്കണക്കിന് ആൾക്കാരാണ് വിദേശത്ത് നിന്നെത്തിയ പണം പിൻവലിക്കാനാകാതെ വലയുന്നത്.
രാജ്യത്തെ മണി ട്രാൻസ്ഫർ സ്ഥാപനങ്ങൾക്കു തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞ മാസം 24നു കേന്ദ്ര സർക്കാർ അനുമതി നൽകിയെങ്കിലും സംസ്ഥാനത്ത് ഭൂരിഭാഗം സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. ഇതുകാരണം വിദേശത്തുനിന്ന് പ്രവാസികൾ നാട്ടിലെ ബന്ധുക്കൾക്ക് അടിയന്തര ആവശ്യങ്ങൾക്കായി അയയ്ക്കുന്ന പണം പോലും പിൻവലിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
സംസ്ഥാനത്ത് ഇന്നലെ ഒട്ടേറെ സ്ഥാപനങ്ങൾ തുറന്നെങ്കിലും പോലിസെത്തി അടപ്പിച്ചു. ലോക്ക് ഡൗൺ കാരണം വരുമാനം മുട്ടിയ ഒട്ടേറെപ്പേരാണ് തങ്ങളുടെ പേരിൽ പണം നാട്ടിലെത്തിയിട്ടും വലയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 24നു പുറത്തിറക്കിയ നിർദേശത്തിൽ മണി ട്രാൻസ്ഫർ സർവീസ് സ്‌കീം (എം.ടി.എസ്.എസ്) സ്ഥാപനങ്ങൾക്കു പ്രവൃത്തിസമയത്ത് പണം വിതരണം ചെയ്യാമെന്ന് അറിയിച്ചിരുന്നു. ഈ സ്ഥാപനങ്ങളോട് തുറക്കാൻ റിസർവ് ബാങ്കും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇന്നലെ ഒട്ടേറെ സ്ഥാപനങ്ങൾ തുറന്നെങ്കിലും ഉത്തരവിനെക്കുറിച്ച് വ്യക്തതയില്ലെന്ന് വിശദീകരിച്ച് പോലിസ് വന്ന് അടപ്പിച്ചു. 2 മണിക്കൂർ മാത്രമാണ് സംസ്ഥാനത്തെ മുത്തൂറ്റ് ഫിൻകോർപ്പിന്റെ ശാഖകൾക്കു തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞത്. ഈ സമയം കൊണ്ടു മാത്രം 392 പേർക്കായി ഒരു കോടി രൂപയാണ് വിതരണം ചെയ്തത്.