പ്രവാസികൾക്കുള്ള ഓൺലൈൻ ഡോക്ടർ സേവനം വിപുലമാക്കും: നോർക്ക

നിലവിൽ സഹായ സംവിധാനം ഇല്ലാത്ത മറ്റ് ഗൾഫ് നാടുകളിൽ ഉടൻ ഹെൽപ്പ് ഡെസ്ക് ആരംഭിക്കുമെന്നും നോർക്ക അറിയിച്ചു.

Update: 2020-04-10 12:00 GMT

തിരുവനന്തപുരം: ഡോക്ടർമാരുടെ സേവനം ഓൺലൈനിൽ ലഭ്യമാകുന്ന നോർക്ക വെബ്സൈറ്റിലൂടെ ഇന്ന് നിരവധി പ്രവാസികൾ ഡോക്ടർമാരുമായി കൂടികാഴ്ച നടത്തി. വീഡിയോ കോൺഫറൻസിനുള്ള സമയം നിശ്ചയിക്കുകയും ചെയ്തു. ഇന്നലെയാണ് വീഡിയോ കോൺഫറൻസിലൂടെയും ടെലഫോണിലൂടെയും രോഗവിവരം പങ്ക് വയ്ക്കുന്നതിനും മറ്റ് അടിയന്തര പ്രശ്നങ്ങൾ അറിയിക്കുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തിയത്.

ഐഎംഎ, quicdr എന്നിവയുമായി സഹകരിച്ച് നോർക്ക നടപ്പാക്കുന്ന ഈ ഓൺലൈൻ പദ്ധതിയിൽ വിവിധ വിഭാഗങ്ങളിലെ ആയിരത്തോളം ഡോക്ടർമാർ പങ്കാളികളാണ്. അസുഖവിവരങ്ങൾക്ക് പുറമേ പ്രവാസികൾക്ക് നാട്ടിലോ മറുനാട്ടിലോ ഉള്ള മറ്റ് പ്രശ്നങ്ങൾ പങ്ക് വയ്ക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

www.norkaroots.org വെബ്സൈറ്റിൽ പ്രവേശിച്ചാൽ പ്രശ്നങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നതിന് പ്രത്യേക ഇടമുണ്ട്. അതിൽ രജിസ്റ്റർ ചെയ്ത് വിവരങ്ങൾ പങ്ക് വെയ്ക്കാം. ഡോക്ടർ ഓൺലൈൻ എന്നതിൻ്റെ താഴെയുള്ള ബട്ടനിൽ അമർത്തിയാൽ ഡോക്ടറുമായി ഓൺലൈൻ അപ്പോയ്മെൻ്റ് നിശ്ചയിക്കുന്നതിനുള്ള നിർദ്ദേശം ലഭിക്കും.

ഹലോ ഡോക്ടർ എന്ന തലക്കെട്ടിന് താഴെയുള്ള ബട്ടൻ അമർത്തിയാൽ ടെലഫോണിൽ ലഭിക്കുന്ന വിവിധ വിഭാഗം ഡോക്ടർമാരുടെ പേരുവിവരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മുതൽ 6 വരെയാണ് ഫോണിലൂടെ രോഗവിവരം പങ്ക് വെയ്ക്കാനാകുന്നത്.

ഇന്ന് 150 ൽപ്പരം പേർ വീഡിയോ കോൺഫറൻസിലൂടെ ഡോക്ടർമാരുമായി സംവദിച്ചു.വ്യക്തികളുടെ സൗകര്യാർത്ഥം സമയം മുൻകൂട്ടി നിശ്ചയിച്ച ശേഷമാണ് വീഡിയോ കോൺഫറൻസ് സൗകര്യം ലഭ്യമാക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും നോർക്ക അറിയിച്ചു.

വിവിധ രാജ്യങ്ങളിലെ നിയമ വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി പ്രത്യേക അനുവാദത്തോടെയാണ് വിവിധ മലയാളി സംഘടനകളും സന്നദ്ധ പ്രവർത്തകരും ഹെൽപ്പ് ഡെസ്ക് സംവിധാനം കേരള സർക്കാരിന് വേണ്ടി ഏകോപിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളുടെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് പ്രവർത്തനം കൂടുതൽ വിപുലീകരിക്കും.

നിലവിൽ സഹായ സംവിധാനം ഇല്ലാത്ത മറ്റ് ഗൾഫ് നാടുകളിൽ ഉടൻ ഹെൽപ്പ് ഡെസ്ക് ആരംഭിക്കുമെന്നും നോർക്ക അറിയിച്ചു.

Tags:    

Similar News