ഓറഞ്ച് ലൈന്‍ ' എന്നറിയപ്പെടുന്ന മാരക ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍

പശ്ചിമ ബംഗാള്‍, മുര്‍ഷിദബാദ് സ്വദേശി കരിം ഭായ് എന്ന് വിളിക്കുന്ന ലല്‍ട്ടു ഷേക്ക് (29) എന്നയാളാണ് ഓറഞ്ച് ലൈന്‍ ' എന്നറിയപ്പെടുന്ന അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗണ്‍ഷുഗറുമായി പിടിയിലായത്. കൊച്ചി പനമ്പിള്ളി നഗറിലുള്ള ഇടനിലക്കാരന് മയക്ക് മരുന്ന് കൈമാറുന്നതിന് ആലുവ മെട്രോ സ്റ്റേഷന് സമീപം നില്‍ക്കുകയായിരുന്ന ഇയാളെ ഷാഡോ സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് 14 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തു

Update: 2019-12-13 12:04 GMT

കൊച്ചി: പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി കൊച്ചിലെ സ്വകാര്യ റിസോട്ടുകളില്‍ നടത്തപ്പെടുന്ന റേവ് പാര്‍ട്ടികളിലേയ്ക്ക് വന്‍തോതില്‍ മയക്കുമരുന്നുകള്‍ എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവാവ് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘത്തിന്റെ പിടിയിലായി. പശ്ചിമ ബംഗാള്‍, മുര്‍ഷിദബാദ് സ്വദേശി കരിം ഭായ് എന്ന് വിളിക്കുന്ന ലല്‍ട്ടു ഷേക്ക് (29) എന്നയാളാണ് ഓറഞ്ച് ലൈന്‍ ' എന്നറിയപ്പെടുന്ന അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗണ്‍ഷുഗറുമായി പിടിയിലായത്. കൊച്ചി പനമ്പിള്ളി നഗറിലുള്ള ഇടനിലക്കാരന് മയക്ക് മരുന്ന് കൈമാറുന്നതിന് ആലുവ മെട്രോ സ്റ്റേഷന് സമീപം നില്‍ക്കുകയായിരുന്ന ഇയാളെ ഷാഡോ സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് 14 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തു. രണ്ട് മില്ലിഗ്രാം ബ്രൗണ്‍ ഷുഗറിന് 3000 രൂപയാണ് ഇടാക്കുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റേവ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഇടനിലക്കാരുടെ മുന്‍കൂട്ടിയുള്ള ഓര്‍ഡര്‍ പ്രകാരമാണ് ഇയാള്‍ മയക്ക് മരുന്ന് എത്തിച്ച് കൊടുത്തിരുന്നത്. കല്‍ക്കത്തയ്ക്ക് അടുത്ത് സിയാല്‍ദാ എന്ന സ്ഥലത്ത് നിന്നാണ് ലഹരി മാഫിയ സംഘങ്ങള്‍ മയക്ക് മരുന്ന് കൈമാറുന്നതിന് കരിം ഭായിയെ ചുമതലപ്പെടുത്തി കൊച്ചിയിലേക്ക് അയച്ചത്. ഈ ഇനത്തില്‍പ്പെടുന്ന 5 ഗ്രാം മയക്ക് മരുന്ന് കൈവശം വയ്ക്കുന്നത് പത്ത് വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണ്. വെറും മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാല്‍ ഇതിന്റെ രാസ ലഹരി മണിക്കൂറുകളോളം നിലനില്‍ക്കുന്നതിനാല്‍ ഡി ജെ പാര്‍ട്ടികള്‍ക്ക് ഇത് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇതിന്റെ ഉപയോഗക്രമം പാളിയാല്‍ അമിത രക്തസമ്മര്‍ദം മൂലം ഹൃദയാഘാതം സംഭവിക്കാന്‍ ഇടയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. പ്രതിയില്‍ നിന്ന് മയക്ക് മരുന്നുകള്‍ വാങ്ങുന്ന ഇടനിലക്കാര്‍ ഒളിവിലാണെന്നും ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.മയക്ക് മരുന്നിന്റെ ഉറവിടം സംബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാധ്യമായ എല്ലാ അധികാരങ്ങള്‍ ഉപയോഗിച്ചും മറ്റ് വകുപ്പുകളുടെ സഹകരണത്തോടെയും ഇത് സംബന്ധിച്ച സമഗ്ര അന്വേഷണം നടത്തുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

ക്രിസ്മസ് - ന്യൂയര്‍ ആഘോഷങ്ങളുടെ ഭാഗമായി മയക്ക് മരുന്ന് മാഫിയ സംഘങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തുന്നതിനായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ എസ് രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ ആലുവ റേഞ്ചില്‍ രൂപികരിച്ചിട്ടുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഷാഡോ സംഘത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഒരു മാസം മുന്‍പ് മയക്ക് മരുന്നുമായി പിടിയിലായ ബംഗാള്‍ സ്വദേശിയില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊച്ചിയിലെ പല റിസോട്ടുകളും എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ കെ ഷാജി, ഷാഡോ ടീം അംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രശാന്ത്, സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 

Tags:    

Similar News