ലഹരി ഒഴുകുന്നു; പരിശോധനയും കാമറ നിരീക്ഷണവും ശക്തമാക്കി എക്സൈസ് വകുപ്പ്
ഈ വര്‍ഷം നടത്തിയ പരിശോധനയില്‍ 1447 ലിറ്റര്‍ മദ്യം, 7205 ലിറ്റര്‍ വാഷ്, 247 കിലോഗ്രാം കഞ്ചാവ്, 77 ലിറ്റര്‍ ചാരായം, 480 ലിറ്റര്‍ സ്പിരിറ്റ്, 3861 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് എക്സൈസ് വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
തിരുവനന്തപുരം: അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ കര്‍ശന പരിശോധനയും കാമറ നിരീക്ഷണവും ശക്തമാക്കി എക്സൈസ് വകുപ്പ്. വാളയാര്‍ കേന്ദ്രീകരിച്ച് ദേശീയപാതയില്‍ പരിശോധന നടത്തുന്നതിന് പുറമെ വേലന്താവളത്തിന് സമീപം അതിര്‍ത്തി പരിശോധനും കര്‍ശനമാക്കിയി.
ചെക്ക്പോസ്റ്റുകളില്‍ നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ കാമറ നിരീക്ഷണത്തിലൂടെ പിന്തുടര്‍ന്ന് കണ്ടെത്തി പരിശോധിക്കാന്‍ വിവിധ സ്റ്റേഷനുകള്‍ തമ്മിലുള്ള നെറ്റുവർക്കും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം നടത്തിയ പരിശോധനയില്‍ 1447 ലിറ്റര്‍ മദ്യം, 7205 ലിറ്റര്‍ വാഷ്, 247 കിലോഗ്രാം കഞ്ചാവ്, 77 ലിറ്റര്‍ ചാരായം, 480 ലിറ്റര്‍ സ്പിരിറ്റ്, 3861 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍, എന്നിവയാണ് എക്സൈസ് വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ എട്ട് കിലോ ചന്ദനം, ആറു കിലോ സ്വര്‍ണം, 2.30 ലക്ഷത്തിന്റെ കുഴല്‍പ്പണവും പരിശോധനയില്‍ കണ്ടെടുത്തി.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ അഞ്ച് സ്‌ക്വാഡുകളാണ് ദിവസവും 24 മണിക്കൂര്‍ പാലക്കാട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നത്. ഒരു ഇന്‍സ്പെക്ടര്‍, പ്രിവന്റീവ് ഓഫീസര്‍, രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍, ഡ്രൈവര്‍ എന്നിവരടങ്ങുന്നതാണ് സംഘം. കഞ്ചാവ് വേട്ടയ്ക്കായി മാത്രം പരിശീലനം നേടിയ ഒരു പ്രത്യേക ടീം പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ജനുവരി മുതല്‍ 1589 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ രജിസ്റ്റര്‍ ചെയ്ത 362 അബ്കാരി കേസുകള്‍, മയക്കുമരുന്ന് ഉൽപന്നങ്ങള്‍ കടത്തിയ 292 കേസുകള്‍, പുകയില ഉല്‍പന്നങ്ങളുമായി സംബന്ധിച്ച് 935 കേസുകള്‍ എന്നിവയിലായി 591 പ്രതികളെ അറസ്റ്റ് ചെയ്തു.
