ജോസ് കെ മാണി വിഭാഗം വിട്ട് ജോസഫ് എം പുതുശ്ശേരി പുറത്തേക്ക്

പാർട്ടി യുഡിഎഫ് വിട്ടപ്പോൾ ഒപ്പംനിന്നെങ്കിലും ഇടതുപക്ഷത്തേക്കു പോകുന്നതിനോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.

Update: 2020-09-24 05:15 GMT

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തേക്കു നീങ്ങുന്നതിൽ പ്രതിഷേധിച്ച് മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം പാർട്ടി വിടുന്നു. പാർട്ടി യുഡിഎഫ് വിട്ടപ്പോൾ ഒപ്പംനിന്നെങ്കിലും ഇടതുപക്ഷത്തേക്കു പോകുന്നതിനോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.

കേരളാ കോൺഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി അംഗം കൂടിയാണ് ജോസഫ് എം പുതുശ്ശേരി. എൽഡിഎഫിലേക്ക് പോകുന്നതിനോട് താത്പര്യമില്ലെന്നും അങ്ങനെ ചെയ്യുന്നത് ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം ഉയർത്തിപ്പിടിച്ച ഒരു പൊതു രാഷ്ട്രീയ നിലപാടുണ്ട്. പെട്ടെന്നൊരു ദിവസം അതിനെ തള്ളിപ്പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫിലേക്ക് പോകാനുള്ള വിമുഖത അറിയിച്ചെങ്കിലും യുഡിഎഫിലേക്ക് തിരികെ എത്തുമോയെന്ന ചോദ്യങ്ങൾക്ക് അദ്ദേഹം വ്യക്തമായ മറുപടി നൽകിയിട്ടില്ല. നിലവിൽ ഈയൊരു നിലപാട് മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഭാവികാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി ജെ ജോസഫ് പക്ഷത്തോടൊപ്പം ചേരാനൊരുങ്ങുന്നുവെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. 

യുഡിഎഫ് വിട്ട ജോസ് വിഭാഗം ഇടതുപക്ഷവുമായി അടുക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ മത്സരിക്കാൻ വേണമെന്ന പട്ടിക ഇവർ സിപിഎം നേതൃത്വത്തിന് ജില്ലാടിസ്ഥാനത്തിൽ നൽകിയിരുന്നു. ഇടതുമുന്നണിയിൽ സമവായമാകുന്നതനുസരിച്ച് ജോസ് വിഭാഗവുമായി പരസ്യ ധാരണയിലേക്കു വരാനാണ് സിപിഎം ഉദ്ദേശിക്കുന്നത്.

1991, 2001, 2006 വർഷങ്ങളിൽ കല്ലൂപ്പാറയിൽനിന്ന് നിയമസഭാംഗമായ പുതുശ്ശേരിക്ക് മണ്ഡലം ഇല്ലാതായതിനെത്തുടർന്ന് 2011-ൽ സീറ്റ് ലഭിച്ചില്ല. 2016-ൽ തിരുവല്ലയിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവിൽ പാർട്ടി ഉന്നതാധികാരസമിതി അംഗമാണ്.

Tags:    

Similar News