രക്ഷപ്പെട്ടാലും കോമയിലാകാന്‍ സാദ്ധ്യത, 48 മണിക്കൂര്‍ നിര്‍ണായകം'; ക്രൂരമര്‍ദനത്തിനിരയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വിനേഷിന് ആന്തരിക ക്ഷതമെന്ന് ഡോക്ടര്‍
പാലക്കാട്: ക്രൂരമര്‍ദനത്തിനിരയായി വെന്റിലേറ്ററില്‍ കഴിയുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വിനേഷ് രക്ഷപ്പെട്ടാലും കോമയിലാകാന്‍ സാദ്ധ്യതയെന്ന് ഡോക്ടര്‍ ബിജു ജോസ്. വിനേഷിന്റെ തലച്ചോറില്‍ തീവ്രമായ രക്തസ്രാവം ഉണ്ടായിരുന്നുവെന്നും യുവാവ് അതീവ ഗുരുതരാവസ്ഥയിലാണെന്നും ഡോക്ടര്‍ പറഞ്ഞു. ഇപ്പോഴും വിനേഷ് അബോധാവസ്ഥയിലാണ്. 'അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ്. വിനേഷിനെ കൂര്‍ത്ത ആയുധംകൊണ്ട് അടിയേറ്റതുപോലെയില്ല. എന്നാല്‍, നിലത്ത് വീണുണ്ടായ പരിക്കുമല്ല. ഇടത്തെ കണ്ണിന് ചുറ്റും കറുപ്പ് പടര്‍ന്നിട്ടുണ്ട്. ശരീരത്തില്‍ ചിലയിടങ്ങളില്‍ ചതവുണ്ട്. ശരീരത്തില്‍ പുറമേ വലിയ പരിക്കില്ല. ആന്തരിക ക്ഷതമാണ് പ്രധാനമായും ഉള്ളത്' - ഡോക്ടര്‍ പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ വ്യക്തിവിരോധമാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. രാഷ്ട്രീയ കാരണങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നുവെന്നും പോലിസ് വ്യക്തമാക്കി. പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബാറില്‍ ഉണ്ടായിരുന്ന വിനേഷിനെ അവിടെ നിന്ന് വിളിച്ചിറക്കിയാണ് പ്രതികള്‍ ആക്രമിച്ചത്. വിനേഷ് ബാറിലുണ്ടെന്ന് നേരത്തേ തന്നെ മനസിലാക്കിയാണ് പ്രതികള്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്നും പോലിസ് കണ്ടെത്തി. ആക്രമിച്ചത് കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയല്ലെന്നാണ് പ്രതികളുടെ മൊഴി. വിനേഷ് ഫേസ്ബുക്കില്‍ നടത്തിയ പ്രസ്താവനകളും പോസ്റ്റുകളുമാണ് പ്രകോപനമെന്നും ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കി.
