നിരന്തര കുറ്റകൃത്യം; കാര രതീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.എറണാകുളം റൂറല്‍, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പതിമൂന്നോളം കേസുകളില്‍ പ്രതിയാണിയാളെന്ന് പോലിസ് പറഞ്ഞു. കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ആയുധ നിയമം, സ്‌ഫോടക വസ്തുനിയമം തുടങ്ങിയ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്

Update: 2022-04-22 05:42 GMT

കൊച്ചി: നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് മലയാറ്റൂര്‍ കാടപ്പാറ സ്വദേശി രതീഷ് (കാര രതീഷ് 38) നെ് കാപ്പ ചുമത്തി ജയിലിലടച്ചു.എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.എറണാകുളം റൂറല്‍, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പതിമൂന്നോളം കേസുകളില്‍ പ്രതിയാണിയാളെന്ന് പോലിസ് പറഞ്ഞു.

കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ആയുധ നിയമം, സ്‌ഫോടക വസ്തുനിയമം തുടങ്ങിയ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. കാലടി സനല്‍ വധക്കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ശേഷം മണപ്പുറത്ത് സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒന്നാം പ്രതിയായതിനെ തുടര്‍ന്ന് 2020 ല്‍ ഗുണ്ട നിയമപ്രകാരം നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ കാലടി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചത്.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ കാപ്പ നിയമപ്രകാരം 42 പേരെ എറണാകുളം റൂറല്‍ ജില്ലയില്‍ ജയിലിലടച്ചതായി എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.31 പേരെ നാടു കടത്തി. മുന്‍കാല കുറ്റവാളികളേയും, തുടര്‍ച്ചയായി സമാധാന ലംഘനം നടത്തുന്നവരേയും നിരീക്ഷിച്ചു വരികയാണെന്നും, ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Tags:    

Similar News