എറണാകുളത്ത് തീപിടുത്തം തുടര്‍ക്കഥയാകുന്നു; ഹൈക്കോടതിക്കു സമീപത്തെ മംഗള വനത്തിനു സമീപത്തെ പുല്‍ക്കാടിന് തീപിടിച്ചു

ഹൈക്കോടതിക്ക് സമീപത്തെ പക്ഷി സങ്കേതമായ മംഗളവനത്തിനോട് ചേര്‍ന്ന് ഒരേക്കറോളം വരുന്ന പുല്‍ക്കാടിനാണ് വൈകിട്ടോടെ തീപിടിച്ചത്.വൈകിട്ട് 5.15 ഓടെയായിരുന്നു തീപിടിത്തം.മൂന്നു യൂനിറ്റ് അഗ്നി ശമന സേനയുടെ ശ്രമഫലമായി രാത്രി എട്ടോടെ തീ നിയന്ത്രണ വിധേയമാക്കി

Update: 2019-02-23 15:34 GMT

കൊച്ചി: എറണാകുളത്ത് തീപിടുത്തം തുടര്‍ക്കഥയാകുന്നു. നഗരമധ്യത്തില്‍ കഴിഞ്ഞ ദിവസം ചെരുപ്പു കമ്പനിയുടെ ഗോഡൗണും ഇന്നലെ കാക്കനാട് ബ്രഹ്മപുരത്ത് മാലിന്യ മലയും കത്തിയതിനു പിന്നാലെ നഗര മധ്യത്തിലെ മംഗളവനത്തിന് സമീപത്തെ പുല്‍ക്കാടിനും തീ പിടിച്ചു.് ഹൈക്കോടതിക്ക് സമീപത്തെ പക്ഷി സങ്കേതമായ മംഗളവനത്തിനോട് ചേര്‍ന്ന് ഒരേക്കറോളം വരുന്ന പുല്‍ക്കാടിനാണ് വൈകിട്ടോടെ തീപിടിച്ചത്.വൈകിട്ട് 5.15 ഓടെയായിരുന്നു തീപിടിത്തം.മംഗളവനത്തിന്റെ ഓള്‍ഡ് റെയിവേ സ്റ്റേഷനോട് ചേര്‍ന്ന് ഇആര്‍ജി റോഡിലെ പുല്‍പ്പടര്‍പ്പിനാണ് ആദ്യം തീ പിടിച്ചത്. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ തീ പടര്‍ന്നതു പരിഭ്രാന്തി പടര്‍ത്തി. ഒന്നര മീറ്റര്‍ ഉയരത്തില്‍ ഇവിടെ പുല്ലു വളര്‍ന്നു നില്‍പ്പുണ്ട്. പുല്ലിന്റെ അടിഭാഗം ഉണങ്ങിയും മുകള്‍ഭാഗം പച്ചപ്പിലുമാണ്. പുകയും തീയും ഉയരുന്നതു കണ്ടു മംഗള വനത്തിലുണ്ടായിരുന്ന സന്ദര്‍ശകരാണു അഗ്നിശമന സേനയെ അറിയിച്ചത്. ക്ലബ് റോഡില്‍ നിന്നും സ്റ്റേഷന്‍ ഓഫിസര്‍ എസ് ബി അഖിലിന്റെ നേതൃത്വത്തില്‍ യൂനിറ്റ് എത്തിയപ്പോഴേക്കും പുല്‍മേടിന് തീ പടര്‍ന്നിരുന്നു. തുടര്‍ന്ന് രണ്ടു യൂനിറ്റ് കൂടി എത്തി നടത്തിയ തീവ്ര പരിശ്രമത്തിനൊടുവില്‍ രാത്രി എട്ടോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മംഗളവനത്തിന്റെ ഭാഗമായ മരങ്ങളിലേക്കും സമീപത്തെ കെട്ടിടങ്ങളിലേക്കും തീപ പടരാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. 

Tags:    

Similar News