സിപിഐ നേതാക്കള്‍ക്കെതിരായ ലാത്തിച്ചാര്‍ജ്; പോലിസുകാര്‍ക്കെതിരേ നടപടി വേണ്ടെന്ന് ഡിജിപി

കലക്ടറുടെ റിപോര്‍ട്ടില്‍ പോലിസുകാരുടെ പിഴവുകള്‍ എടുത്തുപറയുന്നില്ലെന്നും അതിനാല്‍ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും ആഭ്യന്തര സെക്രട്ടറിയെ ഡിജിപി അറിയിച്ചു. ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐജി ഓഫിസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയാണ് പോലിസ് ലാത്തിവീശിയത്.

Update: 2019-08-17 06:11 GMT

തിരുവനന്തപുരം: എറണാകുളത്ത് ഐജി ഓഫിസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനുനേരേയുണ്ടായ ലാത്തിച്ചാര്‍ജില്‍ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കേണ്ടതില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കലക്ടറുടെ റിപോര്‍ട്ടില്‍ പോലിസുകാരുടെ പിഴവുകള്‍ എടുത്തുപറയുന്നില്ലെന്നും അതിനാല്‍ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും ആഭ്യന്തര സെക്രട്ടറിയെ ഡിജിപി അറിയിച്ചു. ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐജി ഓഫിസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയാണ് പോലിസ് ലാത്തിവീശിയത്. എല്‍ദോ എബ്രഹാം എംഎല്‍എ, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു തുടങ്ങിയവര്‍ക്ക് പരിക്കേറ്റിരുന്നു. എംഎല്‍എയെയും പാര്‍ട്ടി നേതാക്കളെയും തല്ലിയ പോലിസുകാര്‍ക്കെതിരേ നടപടിവേണമെന്നായിരുന്നു മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാരുടെ ആവശ്യം.

സിപിഎം- സിപിഐ മന്ത്രിമാരുമായി യോഗത്തില്‍ വാദപ്രതിവാദമുണ്ടാവുകയും ചെയ്തു. ഇതെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എറണാകുളം ജില്ലാ കലക്ടര്‍ അന്വേഷണം നടത്തി. 18 സെക്കന്റ് മാത്രമാണ് പോലിസ് നടപടിയുണ്ടായതെന്നാണ് ജില്ലാ കലക്ടറുടെ റിപോര്‍ട്ട്. കാര്യമായ ബലപ്രയോഗമുണ്ടായതായി റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. അതേസമയം, സിപിഐ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാവുകയും ബാരിക്കേഡ് തകര്‍ക്കുകയും പോലിസിന്റെ നേര്‍ക്ക് കല്ലേറടക്കമുള്ള സംഭവങ്ങളുണ്ടായെന്നും കലക്ടറുടെ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ റിപോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തരസെക്രട്ടറിക്ക് കൈമാറിയിരുന്നു.

ഡിജിപിയോടും സര്‍ക്കാര്‍ റിപോര്‍ട്ടിന്‍മേലുള്ള അഭിപ്രായം ചോദിച്ചിരുന്നു. ജില്ലാ കലക്ടറുടെ റിപോര്‍ട്ടില്‍ പോലിസുകാര്‍ക്കെതിരേ വലിയ പിഴവുകളൊന്നും എടുത്തുപറയുന്നില്ലെന്നാണ് ഡിജിപിയുടെ മറുപടി. കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി, എസ്‌ഐ വിപിന്‍ദാസ് എന്നിവര്‍ക്കെതിരെയാണ് സിപിഐ നടപടി ആവശ്യപ്പെട്ടിരുന്നത്. അതേസമയം, സര്‍ക്കാരിന്റെ തീരുമാനം വന്നശേഷം പ്രതികരിക്കാമെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് വന്നതിനുശേഷം പ്രതികരിക്കാമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എയും വ്യക്തമാക്കി. 

Tags:    

Similar News