ഏകീകൃതമായ കുര്‍ബ്ബാന അര്‍പ്പണം: നിലപാടില്‍ ഉറച്ച് എറണാകുളം-അങ്കമാലി അതിരൂപത വൈദികര്‍; മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഇടയലേഖനം പള്ളികളില്‍ വായിക്കില്ല
വിശ്വാസികളെയും വൈദികരെയും കേള്‍ക്കാതെ അടിച്ചേല്‍പ്പിക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ല.സിനഡില്‍ പോലും ചില മെത്രാന്മാര്‍ അവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി നില കൊണ്ട് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.മാര്‍പാപ്പയുടെ കത്തിനെ ദുര്‍വ്യാഖ്യാനം ചെയ്ത് കല്‍പനയാണെന്ന് ദുര്‍വ്യാഖ്യാനം നടത്തി തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്
കൊച്ചി: കൊച്ചി: സീറോ മലബാര്‍ സഭയില്‍ ഏകീകൃതമായ രീതിയില്‍ കുര്‍ബ്ബാന അര്‍പ്പിക്കണമെന്ന സീറോ മലബര്‍ സഭാ സിനഡിന്റെ തീരുമാനം അംഗീകരിക്കില്ലെന്നും തീരുമാനം പിന്‍വലിക്കണമെന്നും എറണാകുളം-അങ്കമാലി അതിരൂപതിയിലെ വൈദികര്‍.ജനാഭിമുഖ കുര്‍ബ്ബാന മാത്രമെ അംഗീകരിക്കുവെന്നും അതിരൂപതയിലെ വൈദികര്‍ യോഗം ചേര്‍ന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിനെ അറിയിച്ചു.ഏകീകൃതമായ രീതിയില്‍ കുര്‍ബ്ബാന അര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ദേവാലയങ്ങളില്‍ വായിക്കണെമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ വായിക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങളിലേക്ക് അയക്കരുതെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിനോട് ആവശ്യപ്പെട്ടുവെന്ന് യോഗത്തിനു ശേഷം ഫാ.ജോസ് വൈലിക്കോടത്ത്,ഫാ.സെബാസ്റ്റ്യന്‍ തളിയന്‍,ഫാ,കുര്യാക്കോസ് മുണ്ടാടന്‍,മാത്യു കിലുക്കന്‍ എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിശ്വാസികളെയും വൈദികരെയും കേള്‍ക്കാതെ അടിച്ചേല്‍പ്പിക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫാ,കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.സീറോ മലബാര്‍ സഭയുടെ സിനഡിന് സിനഡാലിറ്റി നഷ്ടപ്പെട്ടുവെന്ന് ഫാ.സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു.സിനഡില്‍ പോലും ചില മെത്രാന്മാര്‍ അവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി നില കൊണ്ട് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.മാര്‍പാപ്പയുടെ കത്തിനെ ദുര്‍വ്യാഖ്യാനം ചെയ്ത് കല്‍പനയാണെന്ന് ദുര്‍വ്യാഖ്യാനം നടത്തി തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.ആറു പതിറ്റാണ്ടായി അനുഷ്ഠിച്ചു വരുന്ന ജനാഭിമുഖ കുര്‍ബ്ബാന നിലനില്‍ക്കണമെന്നാണ് വൈദികരുടെയും വിശ്വാസികളുടെയും ആവശ്യം. ഇതിനായി ഏതറ്റം വരെയും തങ്ങള്‍ പോകും.ജനാഭിമുഖ കുര്‍ബ്ബാന തുടരണമെന്ന് സിനഡില്‍ ആവശ്യപ്പെട്ട മെത്രാന്മാരെ ഉള്‍പ്പെടുത്തി മാര്‍ ആന്റണി കരിയിലിന്റെ നേതൃത്വത്തില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പരിഹാരം കാണണമെന്ന് മാര്‍ ആന്റണി കരിയിലിനോട് ആവശ്യപ്പെട്ടുവെന്നു ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു.
അടുത്ത മാസം അഞ്ചിന് ദേവാലയങ്ങളില്‍ വായിക്കണമെന്നാവശ്യപ്പെട്ടുള്ള മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ തെറ്റിദ്ധാരണജനകമാണ്. ഇത് ഇടവകളില്‍ വായിച്ചാല്‍ അത് വലിയ തോതില്‍ പ്രതികരണത്തിനിടയാക്കും ഈ സാഹചര്യത്തില്‍ എറണാകളം-അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങളിലേക്ക് അയക്കരുതെന്നാവശ്യപ്പെട്ടുവെന്നും ഫാ.സെബാസറ്റിയന്‍ തളിയന്‍ പറഞ്ഞു.ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കുലര്‍ അയക്കരുതെന്ന ആവശ്യം ഉന്നയിച്ചതെന്ന് ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞു.സഭയിലെ വിവിധ രൂപതകളില്‍ അറുപതു വര്‍ഷത്തിലേറെയായി തുടരുന്ന ജനാഭിമുഖ ദിവ്യബലി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യം സ്വീകരിച്ചുകൊണ്ടാണ് നിലനില്‍ക്കുന്നത്. സഭയിലെ ഭൂരിഭാഗം വിശ്വാസികളും വൈദികരും തങ്ങളുടെ ഹൃദയത്തോടു ചേര്‍ത്ത് സ്വന്തമാക്കിയിരിക്കുന്ന ഈ ബലിയര്‍പ്പണ രീതി സിനഡില്‍ ഏകപക്ഷീയമായി പരിഷ്‌കരിക്കുമ്പോള്‍ 'എല്ലാവരെയും കേള്‍ക്കുക, വ്യത്യസ്തതകളെ ആദരിക്കുക' എന്ന ഫ്രാന്‍സിസ് പാപ്പായുടെ സിനഡാലിറ്റി എന്ന ആശയത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് ഫാ.മാത്യു കിലുക്കന്‍ പറഞ്ഞു.
സിനഡില്‍ ജനാഭിമുഖ ബലിയര്‍പ്പണം തുടരണമെന്നാവശ്യപ്പെട്ട മൂന്നിലൊന്നു മെത്രാന്മാരെ നിശബ്ദരാക്കിയാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്നതിനാല്‍ ഐകരൂപ്യത്തിനു വേണ്ടിയുള്ള നിര്‍ബന്ധിത ആഹ്വാനം സഭയില്‍ ഐക്യത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുമെന്നു തങ്ങള്‍ ഭയപ്പെടുന്നു. ആരാധനക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശ്വാസത്തിന്റെയോ ധാര്‍മ്മികതയുടെയോ വിഷയപരിധിയില്‍ വരുന്നില്ല എന്നതുകൊണ്ട് അടിച്ചേല്‍പിച്ച് അനുസരിപ്പിക്കുന്നത് സഭാത്മകമല്ലെന്നും വൈദികര്‍ പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളും സന്യസ്തരും വൈദികരും നവീകരിച്ച ടെക്സ്റ്റ് ഉപയോഗിച്ച് ജനാഭിമുഖ കുര്‍ബാന മാത്രമേ അര്‍പ്പിക്കുകയുള്ളൂ. അതിനാല്‍ പൂര്‍ണ്ണമായും ജനാഭിമുഖമായുള്ള ബലിയര്‍പ്പണം എന്ന സഭാപാരമ്പര്യം തുടരുവാന്‍ സഭാനേതൃത്വം തയ്യാറാകണമെന്നും ഫാ.മാത്യു കിലുക്കന്‍ പറഞ്ഞു.

