മാര്‍ ആന്റണി കരിയിലിനെ രാജിവെപ്പിച്ചതിന്റെ കാരണം മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും സീറോ മലബാര്‍ സിനഡും വിശ്വാസികളെ അറിയിക്കണം:എറണാകുളം-അങ്കമാലി അതിരൂപ അല്‍മായ മുന്നേറ്റം

എറണാകുളം അതിരൂപതയിലെ വിശ്വാസികളെ അറിഞ്ഞ അവരുടെ നിലപാട് മനസിലാക്കിയ മാര്‍ ആന്റണി കരിയലിനോട് സീറോ മലബാര്‍ സിനഡും കര്‍ദിനാള്‍ ആലഞ്ചേരിയും മാപ്പ് ചോദിക്കണമെന്നും അല്‍മായ മുന്നേറ്റം ആവശ്യപ്പെട്ടു. സ്വന്തം അതിരൂപതയില്‍ താമസിക്കാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ പാടില്ല എന്ന് ഉത്തരവ് ഇറക്കിയത് ആരായാലും അത് ഇന്ത്യന്‍ സിവില്‍ നിയമങ്ങള്‍ക്ക് എതിരാണ്

Update: 2022-08-05 04:18 GMT

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനെ നിര്‍ബന്ധിച്ചു രാജിവാങ്ങിയതിന്റെ കാരണം വിശ്വാസികളെ അറിയിക്കാനുള്ള ബാധ്യത കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കും സീറോ മലബാര്‍ സിനഡിനും ഉണ്ടെന്ന് എറണാകുളം അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മയായ അല്‍മായ മുന്നേറ്റം ആവശ്യപ്പെട്ടു.എറണാകുളം അതിരൂപതയിലെ വിശ്വാസികളെ അറിഞ്ഞ അവരുടെ നിലപാട് മനസിലാക്കിയ മാര്‍ ആന്റണി കരിയലിനോട് സീറോ മലബാര്‍ സിനഡും കര്‍ദിനാള്‍ ആലഞ്ചേരിയും മാപ്പ് ചോദിക്കണമെന്നും അല്‍മായ മുന്നേറ്റം ആവശ്യപ്പെട്ടു.

സ്വന്തം അതിരൂപതയില്‍ താമസിക്കാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ പാടില്ല എന്ന് ഉത്തരവ് ഇറക്കിയത് ആരായാലും അത് ഇന്ത്യന്‍ സിവില്‍ നിയമങ്ങള്‍ക്ക് എതിരാണ്. മാര്‍ ആന്റണി കരിയില്‍ എറണാകുളം അതിരൂപതയില്‍ താമസിക്കാനും പരിപാടികളില്‍ പങ്കെടുക്കാനും തയ്യാറാണെങ്കില്‍ അതിനുള്ള മുഴുവന്‍ സാഹചര്യവും ഒരുക്കാന്‍ വിശ്വാസികള്‍ തയ്യാറാണെന്നും അല്‍മായ മുന്നേറ്റം വ്യക്തമാക്കി.എറണാകുളം അതിരൂപതയിലെ വിശ്വാസികളുടെ നിലപാട് അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ബോധ്യപ്പെടുത്തിയ എറണാകുളം അതിരൂപത വൈദികര്‍ക്ക് അല്‍മായ മുന്നേറ്റം അഭിനന്ദിക്കുന്നു.

എറണാകുളം അതിരൂപത വിശ്വാസികളുടെ നിലപാട് അറിയിക്കുന്നതിന്റെ ഭാഗമായി ഈ മാസം കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന വിശ്വാസസംരക്ഷണ മഹാസംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എറണാകുളം അതിരൂപതയിലെ മുഴുവന്‍ ഇടവകകളില്‍ നിന്നും ആയിരകണക്കിന് വിശ്വാസികള്‍ ജനഭിമുഖ കുര്‍ബാനക്ക് വേണ്ടിയുള്ള നിലപാട് സംഗമത്തില്‍ പ്രഖ്യാപിക്കും.

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ കൂടിയ സ്വാഗതസംഘത്തിന്റെ യോഗത്തിന് ജനറല്‍ കണ്‍വീനര്‍ ഷിജോ കരുമത്തി അധ്യക്ഷത വഹിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ്, ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരന്‍, അഡ്വ.ബിനു ജോണ്‍, ജെമി അഗസ്റ്റിന്‍ പ്രസംഗിച്ചു. പാപ്പച്ചന്‍ ആത്തപിള്ളി, ജോമോന്‍ തോട്ടാപ്പിള്ളി, ബോബി മലയില്‍, ആന്റണി ജോസഫ്, തങ്കച്ചന്‍ പേരയില്‍, ജോജോ ഇലഞ്ഞിക്കല്‍ നേതൃത്വം നല്‍കിയതായി അല്‍മായ മുന്നേറ്റം കണ്‍വീനര്‍ ജെമി അഗസ്റ്റിന്‍,വക്താവ് റിജു കാഞ്ഞൂക്കാരന്‍ വ്യക്തമാക്കി.

Tags: