ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം: എറണാകുളം-അങ്കമാലി അതിരൂപത വഴങ്ങുന്നു; പുതിയ രീതി ഡിസംബര്‍ 25 മുതല്‍ നടപ്പിലാക്കും

ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അടുത്ത ഞായറാഴ്ച പള്ളികളില്‍ വായിക്കും.സീറോ മലബാര്‍ സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബ്ബാന ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 17നുള്ളില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കണമെന്ന് മാര്‍പാപ്പ നിര്‍ദ്ദേശിച്ചിരുന്നു.

Update: 2022-04-06 13:20 GMT

കൊച്ചി: സീറോ മലബാര്‍ സഭയിലാകെ ഏകീകൃത കുര്‍ബ്ബാന അര്‍പ്പണ രീതി നടപ്പിലാക്കണമെന്ന മാര്‍പാപ്പയുടെ നിര്‍ദ്ദേശത്തിന് വഴങ്ങി എറണാകുളം-അങ്കമാലി അതിരൂപത.ഡിസംബര്‍ 25 മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലും ജനാഭിമുഖ കുര്‍ബ്ബാനയ്ക്ക് പകരം ഏകീകൃത കുര്‍ബ്ബാന അര്‍പ്പണ രീതി നടപ്പിലാകുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍.ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അടുത്ത ഞായറാഴ്ച പള്ളികളില്‍ വായിക്കും.

സീറോ മലബാര്‍ സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബ്ബാന ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 17നുള്ളില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കണമെന്ന് മാര്‍പാപ്പ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പുതിയ കുര്‍ബ്ബാന അര്‍പ്പണ രീതി എല്ലാവരും അംഗീകരിക്കുന്നതിനും ബോധവല്‍ക്കരണം നടത്താനും സമയം ആവശ്യമായതിനാല്‍ ഡിസംബര്‍ 25 മുതല്‍ പുതിയ രീതി നടപ്പിലാക്കുമെന്നും മാര്‍ ആന്റണി കരിയില്‍ വ്യക്തമാക്കി.

ഡിസംബര്‍ 25 നു മുമ്പായി അതിരൂപതയിലെ എല്ലാ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും പുതിയ കുര്‍ബ്ബാന അര്‍പ്പണ രീതി സംബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും ചെയ്ത് അതിരൂപതയിലെ എല്ലായിടങ്ങളിലും ഒരേ ദിവസം തന്നെ ഏകീകൃത കുര്‍ബ്ബാന അര്‍പ്പണ രീതി ആരംഭിക്കുന്നതിനായും മറിച്ചായാല്‍ സംഭവിക്കാനിടയുള്ള അജപാലന പ്രശ്‌നങ്ങള്‍ പരിഗണിച്ചുമാണ് സമയക്രമീകരണം നിശ്ചയിച്ചിരിക്കുന്നതെന്നും മാര്‍ ആന്റണി കരിയില്‍ വ്യക്തമാക്കി.ഏകീകൃത കുര്‍ബാന അര്‍പ്പണത്തെച്ചൊല്ലി നാളുകളായി നില നിന്നിരുന്ന തര്‍ക്കത്തിനാണ് എറണാകുളം-അങ്കമാലി അതിരൂപത നിലപാട് മയപ്പെടുത്തിയതോടെ പരിഹാരമാകുന്നത്.

Tags: