പിവിഎസ് ആശുപത്രി പ്രതിസന്ധി : സമരം ശക്തമാക്കി ഡോക്ടര്‍മാരും ജീവനക്കാരും

ഉപവാസ സമരം മുന്‍ എം പി ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. ജോലിചെയ്തതിനുള്ള കൂലിമാത്രമാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നതെന്നും ഇതിനോടുള്ള പിവിഎസ് മാനേജ്മെന്റിന്റെ നിഷ്‌ക്രിയത്വവും, നിശബ്ദതയും അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു

Update: 2019-05-09 02:35 GMT

കൊച്ചി : ഒരുവര്‍ഷത്തിലേറെയായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ശമ്പളവും, ജോലിസ്ഥിരതയും ആവശ്യപ്പെട്ട് എറണാകുളം കലൂരിലെ പി വി സ്വാമി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 500-ല്‍ പരം ജീവനക്കാര്‍ ഉപവാസ സമരം നടത്തി. ഐഎംഎ കൊച്ചി ശാഖ സെക്രട്ടറി ഡോ. ഹനീഷ് മീരാസയുടെയും, യു.എന്‍.എ സെക്രട്ടറി ഹാരിസ് മണലംപാറയുടെയും നേതൃത്വത്തില്‍ നടന്ന ഉപവാസ സമരം മുന്‍ എം പി ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. ജോലിചെയ്തതിനുള്ള കൂലിമാത്രമാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നതെന്നും ഇതിനോടുള്ള പിവിഎസ് മാനേജ്മെന്റിന്റെ നിഷ്‌ക്രിയത്വവും, നിശബ്ദതയും അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയതിനെ തുടര്‍ന്ന് 2019 ജനുവരിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാകലക്ടര്‍ക്ക് നല്‍കിയ പാതിയെ തുടര്‍ന്ന് ഫെബ്രുവരി 28-ന് മുമ്പായി മുഴുവന്‍ ജീവനക്കാരുടെയും ശമ്പള കുടിശികയുടെ പകുതിയും, ബാക്കി മാര്‍ച്ച് 31-ന് അകവും നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പി വി മിനി രേഖാമൂലം കലക്ടര്‍ക്ക് നല്‍കിയ ഉറപ്പ്പാലിക്കപ്പെട്ടില്ല. പൊടുന്നനെ ആശുപത്രി പൂട്ടുന്നതിനുള്ള നടപടിയാണ് അവര്‍ സ്വീകരിച്ചത്. ഇപ്രകാരമുള്ള ഏകപക്ഷീയമായ തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് നാഷണല്‍ നഴ്സിംഗ് ആന്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂനിയന്‍ നാഷണല്‍ വൈസ് പ്രസിഡന്റ് കെ എസ് ഡൊമിനിക്ക് പറഞ്ഞു.

പി ടി തോമസ് എംഎല്‍എ, ജസ്റ്റീസ് ഷംസുദ്ദീന്‍, ഇന്ത്യന്‍ ഡന്റല്‍ അസ്സോസിയേഷന്‍ പ്രസിഡിന്റ് ഡോ. ബിന്ദു, ജനറല്‍ ആശുപത്രി മുന്‍ അനെസ്തറ്റിസ്റ്റ് ഡോ. ചന്ദ്രിക, എഐയുടിയുസി സെക്രട്ടറി ദിനേശന്‍, എഫ്‌ഐടിയുവിന്റെ മുഹമ്മദ്, ജനാധിപത്യ വേദിയുടെ പ്രേം ബാബു, എസ്‌യുസിഐയുടെ കെ പി സാല്‍വിന്‍, പിയുസിഐയുടെ പി സി സുബ്രമണ്യം, പിഡിപിയുടെ മുജീബ് റഹ്മാന്‍, എഐവൈഎഫ് ജില്ലാ സെക്രട്ടറി അരുണ്‍ കുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി പി രാജു സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. 

Tags: