നേത്ര ശസ്ത്രക്രിയ രംഗത്ത് അപൂര്‍വ നേട്ടം കൈവരിച്ച് എറണാകുളം ജനറല്‍ ആശുപത്രി

മെഡിക്കല്‍ കോളജുകളൊഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ നൂതനമായ 'റിഫ്രാക്ടിവ് സര്‍ജറി' ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി എറണാകുളം ജനറല്‍ ആശുപത്രി മാറി. ഇക്കഴിഞ്ഞ ദിവസം 30 വയസ്സുള്ള യുവതിക്ക് ആണ് ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്

Update: 2019-05-16 02:22 GMT

കൊച്ചി: നേത്ര ശസ്ത്രക്രിയ രംഗത്ത് എറണാകുളം ജനറല്‍ ആശുപത്രി പുതിയ നേട്ടം കുറിച്ചു. മെഡിക്കല്‍ കോളജുകളൊഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ നൂതനമായ 'റിഫ്രാക്ടിവ് സര്‍ജറി' ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി എറണാകുളം ജനറല്‍ ആശുപത്രി മാറി. ഇക്കഴിഞ്ഞ ദിവസം 30 വയസ്സുള്ള യുവതിക്ക് ആണ് ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. സ്വകാര്യ ആശുപത്രികളില്‍ ഏകദേശം ഒരു ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയയാണ് വളരെ ചുരുങ്ങിയ ചിലവില്‍ (ലെന്‍സിന്റെ മാത്രം ചിലവ്) ജനറല്‍ ആശുപത്രിയിലെ സീനിയര്‍ ഒഫ്ത്താല്‍മോളജിസ്റ്റ് ഡോ. രജീന്ദ്രന്റെ നേതൃത്വത്തില്‍ ചെയ്തത്.

കാഴ്ചക്കുറവുള്ളവര്‍ക്ക് കണ്ണട ഒഴിവാക്കുവാനുള്ള ലളിതമായ ശസ്ത്രകിയ രീതിയാണ് 'റിഫ്രാക്ടിവ് സര്‍ജറി'. നേത്രപടലത്തിന് കീഴിലായി അനുയോജ്യമായ പവറുള്ള കൃത്രിമ ലെന്‍സ് നിക്ഷേപിക്കുകയാണ് റിഫ്രാക്ടിവ് സര്‍ജറി വഴി ചെയ്യുന്നത്. തുള്ളിമരുന്ന് ഉപയോഗിച്ച് മരവിപ്പിച്ചതിന് ശേഷമാണ് ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടതിന്റെയോ, തുടര്‍ചികിത്സയുടെയോ ആവശ്യമില്ല. കൂടിയ കാഴ്ചക്കുറവുള്ളവര്‍ക്കും, കുറഞ്ഞ കാഴ്ചക്കുറവുള്ളവര്‍ക്കും ഇത് ഒരു പോലെ അനുയോജ്യമാണ്. ഏതെങ്കിലും കാരണവശാല്‍ കണ്ണടയിലേക്ക് തിരിച്ചു പോകണമെന്നുണ്ടെങ്കില്‍ അതും സാധിക്കുമെന്നതിനാല്‍ ലാസിക്ക് ശസ്ത്രക്രിയ രീതിയെക്കാള്‍ അഭികാമ്യവുമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.കാഴ്ച്ചക്കുറവിന്റെ തോത് മാറിക്കൊണ്ടിരിക്കുന്നവര്‍ക്ക് ഈ സര്‍ജറി ഫലപ്രദമല്ല. വിശദ വിവരങ്ങള്‍ക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലെ നേത്രരോഗ വിഭാഗവുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ പറഞ്ഞു 

Tags: