ഇപി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി; മറ്റു വാര്‍ത്തകള്‍ വ്യാജമെന്ന് എ വിജയരാഘവന്‍

വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാനസമിതി യോഗത്തിലാണ് പ്രകാശനെ മാറ്റാന്‍ തീരുമാനിച്ചത്.

Update: 2021-01-04 11:12 GMT

തിരുവനന്തപുരം: മന്ത്രി ഇപി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി എം പ്രകാശനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. സംഘടനാ ചുമതലയുടെ ഭാഗമായാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

ഇപി ജയരാജനുമായുള്ള അഭിപ്രായഭിന്നത മൂലമാണ് പ്രകാശനെ ഒഴിവാക്കിയതെന്നും ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. 2018ലാണ് ഇപി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി എം പ്രകാശന്‍ മാസ്റ്റര്‍ നിയമിതനായത്. നിലവില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. നേരത്തെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ നിന്ന് രണ്ടുപേരെ മാറ്റിയിരുന്നു.

പ്രകാശനെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ലെന്നാണ് ആദ്യം ഇപിയോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞിരുന്നത്. എന്നാൽ വിവാദം കൊഴുത്തതിനു പിന്നാലെ ആരോപണത്തിന് മറുപടിയുമായി എ വിജയരാഘവൻ രം​ഗത്തെത്തുകയായിരുന്നു. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാനസമിതി യോഗത്തിലാണ് പ്രകാശനെ മാറ്റാന്‍ തീരുമാനിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാനസമിതി എം പ്രകാശനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാന്‍ തീരുമാനിച്ചത്.