കാലിടറി ഇംഗ്ലണ്ട് ലയണ്‍സ്; വമ്പന്‍ ജയവുമായി നീലപ്പട

ഇന്ത്യക്കു വേണ്ടി ക്യാപ്റ്റന്‍ രഹാനെയും വിഹാരിയും ശ്രേയസ് അയ്യരും അര്‍ധശതകം നേടി. 304 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ബാറ്റുവിശീയ ലയണ്‍സിനെ 37.4 ഓവറില്‍ 165 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു.

Update: 2019-01-25 11:47 GMT

തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സിനെ രണ്ടാം ഏകദിനത്തിലും തകര്‍ത്തെറിഞ്ഞ് ഇന്ത്യ എ ടീം മുന്നേറ്റം തുടരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിത്തില്‍ 138 റണ്‍സിന്റെ വമ്പന്‍ ജയമാണ് നീലപ്പട നേടിയത്. ഇന്ത്യക്കു വേണ്ടി ക്യാപ്റ്റന്‍ രഹാനെയും വിഹാരിയും ശ്രേയസ് അയ്യരും അര്‍ധശതകം നേടി. 304 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ബാറ്റുവിശീയ ലയണ്‍സിനെ 37.4 ഓവറില്‍ 165 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. ആദ്യ ഏകദിനത്തില്‍ ഇന്ത്യ മൂന്നു വിക്കറ്റിന് വിജയിച്ചിരുന്നു. ഇന്നത്തെ ജയത്തോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. മൂന്നാം ഏകദിനം മറ്റന്നാള്‍ ഗ്രീന്‍ഫീല്‍ഡില്‍ നടക്കും.

ടോസ് നേടിയ ലയണ്‍സ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഓപണര്‍ അന്‍മല്‍പ്രീതിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്ടന്‍ അജിന്‍ക്യ രഹാനെയും വിഹാരിയും ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. 181 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരുവരും സെഞ്ചുറിക്കരികെ പുറത്തായി. രഹാനെ 91 റണ്‍സും വിഹാരി 92 റണ്‍സും നേടി. തുടര്‍ന്നെത്തിയ ശ്രേയസ് അയ്യരും ആക്രമിച്ച് കളിച്ചതോടെ ടീം ടോട്ടല്‍ 300 കടന്നു. 47 പന്തില്‍ 65 റണ്‍സായിരുന്ന ശ്രേയസിന്റെ സമ്പാദ്യം. ആറു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങിനിറങ്ങിയ ലയണ്‍സിന് ഒരുഘട്ടത്തില്‍ പോലും പിടിച്ചുനില്‍ക്കാനായില്ല. തുടരെത്തുടരെ വിക്കറ്റുകള്‍ വീണപ്പോഴും 63 പന്തില്‍ 48 റണ്‍സ് നേടിയ ഓപണര്‍ അലക്‌സ് ഡേവിസാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. ലൂയിസ് ഗ്രിഗറി (46 പന്തില്‍ 39), വില്‍ ജാക്സ് (30 പന്തില്‍ 20), ഡാനി ബ്രിഗ്സ് (19 പന്തില്‍ 14), ബെന്‍ ഡക്കറ്റ് (10 പന്തില്‍ 12), സാം ബില്ലിങ്സ് (17 പന്തില്‍ 12) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നവര്‍. ഇന്ത്യ എ ടീമിനായി മായങ്ക് മാര്‍ക്കണ്ഡെ മൂന്നു വിക്കറ്റ് നേടി. ശ്രദ്ധുല്‍ ഠാക്കൂര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും നേടി. ഇംഗ്ലണ്ടിനായി സാക് ചാപ്പല്‍, ലൂയിസ് ഗ്രിഗറി എന്നിവര്‍ രണ്ടും ജയിംസ് പോര്‍ട്ടര്‍, വില്‍ ജാക്സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.


Tags:    

Similar News