കോട്ടയത്ത് ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍

ഐഡ ജങ്ഷനില്‍ കോടിമത ശിവശൈലത്തില്‍ മണികണ്ഠന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ നാലാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നെഞ്ചില്‍ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. കെട്ടിടത്തിന്റ നാലാംനിലയില്‍ പണി നടക്കുന്നുണ്ട്.

Update: 2019-04-18 10:11 GMT

കോട്ടയം: നഗരഹൃദയത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഐഡ ജങ്ഷനില്‍ കോടിമത ശിവശൈലത്തില്‍ മണികണ്ഠന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ നാലാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നെഞ്ചില്‍ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. കെട്ടിടത്തിന്റ നാലാംനിലയില്‍ പണി നടക്കുന്നുണ്ട്. എന്നാല്‍, ഇവിടെ പണിചെയ്യുന്ന തൊഴിലാളിയല്ല മരിച്ചതെന്ന് പോലിസ് പറഞ്ഞു. കോട്ടയം എസ്പി ഹരിശങ്കറിന്റ നേതൃത്വത്തിലുള്ള പോലിസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

കൊലപാതകവുമായി ബന്ധപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളും ഭിന്നലിംഗക്കാരും അടക്കം നാലുപേരെ വെസ്റ്റ് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമേ ഇവരുടെ കൊലപാതകത്തിലെ പങ്ക് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ പോലിസ് പുറത്തുവിടുകയുള്ളൂ. സിഎ അടക്കമുള്ള വിഷയങ്ങളില്‍ കോച്ചിങ് നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നാലാംനിലയുടെ നിര്‍മാണം നടന്നുവരികയാണ്. ഇവിടെ നാല് ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവര്‍ അകത്തേയ്ക്ക് കയറുന്നതിനും ഇറങ്ങുന്നതിനും കെട്ടിടത്തിന്റെ ഒരുവശത്ത് താല്‍ക്കാലികമായി തയ്യാറാക്കിയ പടികളാണ് ഉപയോഗിക്കുന്നത്.

രാവിലെ ഇവര്‍ കെട്ടിടത്തിലെത്തിയപ്പോള്‍ പടിക്കെട്ടില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് കരാറുകാരനെ വിവരമറിയിച്ചു. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി ഹരിശങ്കര്‍, ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തുകയായിരുന്നു. നാലാം നിലയില്‍ നിര്‍മാണ ആവശ്യങ്ങള്‍ക്കായി കൂട്ടിയിട്ടിരുന്ന എം സാന്റിന്റെ സമീപത്ത് കമഴ്ന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും മീറ്ററുകള്‍ ദൂരെയായി രക്തം കണ്ടെത്തിയിരുന്നു. നെഞ്ചിലെ ആഴത്തിലുള്ള കുത്താണ് മരണകാരണമെന്നാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായത്. അക്കാദമായിലെ സിസി ടിവി കാമറകള്‍ ബുധനാഴ്ച വൈകുന്നേരമുണ്ടായ ഇടിയും മിന്നലിനെയും തുടര്‍ന്ന് ഓഫ് ചെയ്തത് പോലിസിനെ കുഴക്കിയിരിക്കുകയാണ്. 

Tags:    

Similar News