കെഎസ്ആര്‍ടിസി ബസുകളില്‍ എമര്‍ജന്‍സി ബട്ടണും ട്രാക്കിങ് സിസ്റ്റവും സ്ഥാപിക്കല്‍: കൂടുതല്‍ സമയം ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി

2021 ജനുവരി ഒന്നു മുതല്‍ വാഹനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനവും എമര്‍ജന്‍സി ബട്ടണും സ്ഥാപിക്കണമെന്ന് 2020 നവംബറിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കിയത്

Update: 2021-10-28 15:23 GMT

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ എമര്‍ജന്‍സി ബട്ടണും ട്രാക്കിങ് സിസ്റ്റവും സ്ഥാപിക്കുന്നതിനു കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. 2021 ജനുവരി ഒന്നു മുതല്‍ വാഹനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനവും എമര്‍ജന്‍സി ബട്ടണും സ്ഥാപിക്കണമെന്ന് 2020 നവംബറിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കിയത്.

പൊതുവാഹനങ്ങള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനു കൂടുതല്‍ സമയം കോടതി മുന്‍പു അനുവദിച്ചെങ്കിലും ഇപ്പോഴും സംവിധാനം ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപന പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് സംവിധാനം ഒരുക്കാന്‍ കഴിയാതെ പോയതെന്ന കെഎസ്ആര്‍ടിസിയുടെ വാദം അംഗീകരിച്ച കോടതി കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു.

പൊതുപ്രവര്‍ത്തകനായ ജാഫര്‍ഖാനാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. വാഹനങ്ങളില്‍ ട്രാക്കിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ടെന്നു ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Tags: