ഗൃഹപ്രവേശനത്തിന് എത്തിച്ച ആന ഇടഞ്ഞ് കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി

ആനപ്രേമികളുടെ കേന്ദ്രമായ തൃശൂരില്‍ അക്രമകാരികളായ ആനകളുടെ കാര്യത്തില്‍ കടുത്ത അലംഭാവം തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇന്ന് നടന്ന സംഭവം. മൂന്ന് മാസത്തിനിടെ തൃശൂരില്‍ മാത്രം നാല് പേരാണ് ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Update: 2019-02-08 14:35 GMT
ഗുരുവായൂര്‍: നിയമവിരുദ്ധമായി ഗൃഹ പ്രവേശനത്തിന് മോടികൂട്ടാന്‍ എത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന കോഴിക്കോട് നരിക്കുനി അരീക്കല്‍ വീട്ടില്‍ ഗംഗാധരന്‍(60) ആണ് ഇപ്പോള്‍ മരിച്ചത്. കണ്ണൂര്‍ തളിപ്പറമ്പ് നിഷ നിവാസില്‍ നാരായണന്‍(ബാബു-66) സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു. മേളക്കാരടക്കം ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മുള്ളത്ത് ഷൈജുവിന്റെ ഗൃഹപ്രവേശനത്തിന്റെ ആഘോഷ ഭാഗമായിട്ടു കൂടിയായിരുന്നു എഴുന്നെള്ളിപ്പ്. ക്ഷേത്രോത്സവത്തിന് എത്തിയ ആനയെ ഗൃഹപ്രവേശനത്തിന് മോടി കൂട്ടാന്‍ എത്തിച്ചതായിരുന്നു. പടക്കം പൊട്ടിയ ശബ്ദം കേട്ട് ആന വിരണ്ടോടുകയായിരുന്നു. പടക്കം പൊട്ടിയ ശബ്ദം കേട്ട് പരിഭ്രാന്തനായി ഓടിയ ആന അടുത്ത് നില്‍ക്കുകയായിരുന്ന ബാബുവിനെ ചവിട്ടുകയായിരുന്നു.

കുടുംബസുഹൃത്തിന്റെ ഗൃഹപ്രവേശനത്തിനായാണ് ബാബു ഗുരുവായൂരില്‍ എത്തിയത്. ഗൃഹ പ്രവേശനത്തിന് മോടി കൂട്ടാന്‍ തെച്ചിക്കോട്ടു രാമചന്ദ്രന്‍ എത്തിയത അറിഞ്ഞ് നിരവധി പേരാണ് വീട്ടിലെത്തിയത്. ആനയ്ക്ക് ഒപ്പം മേളക്കാരെയും വീട്ടുകാര്‍ എത്തിച്ചിരുന്നു.പഞ്ചവാദ്യം കലാകാരന്‍മാരായ ചാലിശ്ശേരി സ്വദേശി അംജേഷ് കൃഷ്ണന്‍ (26), പട്ടാമ്പി ചാക്കോളില്‍ സജിത്ത് (18), പട്ടാമ്പി തടത്തില്‍ പറമ്പില്‍ രാഹുല്‍ (19), കൂറ്റനാട് പള്ളിവളപ്പില്‍ സന്തോഷ് (24), പെരുമണ്ണൂര്‍ കുറുപ്പത്ത് ദാമോദരന്‍ (62), പൂരത്തിനെത്തിയ കോട്ടപ്പടി മുള്ളത്ത് ശ്രീധരന്റെ ഭാര്യ രഞ്ജിനി (65), അരിമ്പൂര്‍ കോഴിപ്പറമ്പ് സുരേഷ് ബാബു (52), പാലയൂര്‍ കരുമത്തില്‍ അക്ഷയ് (15), ഏങ്ങണ്ടിയൂര്‍ പള്ളിക്കടവത്ത് അരുണ്‍കുമാര്‍ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റേതാണ് ആന. പകല്‍ 11 മണിക്കും മൂന്ന് മണിക്കും ആനയെ എഴുന്നളളിക്കരുതെന്ന് നിയമമുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന നാട്ടാനകളില്‍ ഏറ്റവും കൂടുതല്‍ ഉയരമുളള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. അമ്പതിലേറെ വയസ് പ്രായമുളള ആനയ്ക്ക് ഒരു കണ്ണിന് കാഴ്ച തീരെയില്ല. ആനപ്രേമികളുടെ കേന്ദ്രമായ തൃശൂരില്‍ അക്രമകാരികളായ ആനകളുടെ കാര്യത്തില്‍ കടുത്ത അലംഭാവം തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇന്ന് നടന്ന സംഭവം. മൂന്ന് മാസത്തിനിടെ തൃശൂരില്‍ മാത്രം നാല് പേരാണ് ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Tags: