നാട്ടാന സെന്‍സസ് : കൂടുതല്‍ ആനകള്‍ തൃശൂരില്‍; കാസര്‍ഗോഡ് നാട്ടാനകളില്ല

ആനകളുടേയും ഉടമസ്ഥരുടേയും പാപ്പാന്‍മാരുടേയും പേരുവിവരങ്ങള്‍, ആനകളെ തിരിച്ചറിയാനുള്ള മൈക്രോ ചിപ്പ് വിവരങ്ങള്‍ എന്നിവയ്ക്ക് പുറമേ ആനകളുടെ ഡി.എന്‍.എ പ്രൊഫൈല്‍ സഹിതമുള്ള വിശദാംശങ്ങളാണ് ശേഖരിച്ചത്.

Update: 2018-11-29 17:06 GMT

തിരുവനന്തപുരം: വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്തൊട്ടാകെ നടന്ന നാട്ടാന സെന്‍സസില്‍ 520ഓളം ആനകളുടെ വിവരശേഖരണം നടത്തി. ആനകളുടേയും ഉടമസ്ഥരുടേയും പാപ്പാന്‍മാരുടേയും പേരുവിവരങ്ങള്‍, ആനകളെ തിരിച്ചറിയാനുള്ള മൈക്രോ ചിപ്പ് വിവരങ്ങള്‍ എന്നിവയ്ക്ക് പുറമേ ആനകളുടെ ഡി.എന്‍.എ പ്രൊഫൈല്‍ സഹിതമുള്ള വിശദാംശങ്ങളാണ് ശേഖരിച്ചത്. ആനകളുടെ ഉയരം, നീളം, തുമ്പിക്കൈ,കൊമ്പ്, വാല്‍ എന്നിവയുടെ അളവ്, ചിത്രങ്ങള്‍ എന്നിവയെല്ലാം വിവരശേഖരത്തില്‍ ഉള്‍പ്പെടും.

ഏറ്റവും കൂടുതല്‍ ആനകളുണ്ടായിരുന്ന ജില്ല തൃശൂരും കുറവ് കണ്ണൂരുമാണ്. 145 ആനകളുടെ വിവരങ്ങള്‍ തൃശൂരില്‍ നിന്ന് ലഭിച്ചപ്പോള്‍ 3 ആനകളുടെ വിശദാംശങ്ങളാണ് കണ്ണൂരില്‍ നിന്നും ലഭ്യമായത്. കാസര്‍ഗോഡാണ് നാട്ടാനകളില്ലാത്ത ഏക ജില്ല. എല്ലാ ജില്ലകളിലേയും സാമൂഹ്യ വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരുടെ നേതൃത്വത്തില്‍

ആനകളുടെ എണ്ണത്തിന് ആനുപാതികമായി സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ യാണ് വിവര സമാഹരണം നടത്തിയത്.ഒറ്റദിവസം കൊണ്ട് പൂര്‍ത്തിയാക്കി എന്ന പ്രത്യേകതയും ഇന്ന് നടന്ന നാട്ടാനസെന്‍സസിനുണ്ട്.

സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങള്‍ സമര്‍പ്പിക്കണമെന്നസുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആനകളുടെ കണക്കെടുപ്പ് നടത്തിയത്. ഡിസം. 31 നുള്ളില്‍ സെന്‍സസ് റിപ്പോര്‍ട്ട് സുപ്രീം കോടതില്‍ സമര്‍പ്പിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.കെ.കേശവന്‍ അറിയിച്ചു.




Tags:    

Similar News