ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെ അനുകൂലിച്ച് സര്‍ക്കാര്‍ കോടതിയില്‍; കേസ് ജൂലൈ 24 ലേക്ക് മാറ്റി
മോഹന്‍ലാലിനെ കൂടാതെ തൃപ്പൂണിത്തറ നോര്‍ത്ത് എന്‍എസ് ഗേറ്റില്‍ നയനത്തറ കെ കൃഷ്ണകുമാര്‍, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്ണന്‍, പി എം കൃഷ്ണകുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ നളിനി രാധാകൃഷ്ണന്‍ കോടതിയുമായി സഹകരിക്കാത്തതിനാല്‍ അവര്‍ക്ക് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പെരുമ്പാവൂര്‍: അനധികൃതമായി ആനക്കൊമ്പ് കൈവശംവച്ച കേസില്‍ സര്‍ക്കാര്‍ മോഹന്‍ലാലിന് അനുകൂലമായി കോടതിയില്‍ നിലപാടെടുത്തുവെന്ന് പരാതിക്കാരന്‍. പെരുമ്പാവൂര്‍ കുറുപ്പുംപടി മജിസ്ട്രേറ്റ് കോടതിയില്‍ കേസ് പരിഗണനയ്ക്ക് വന്നപ്പോഴാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് വ്യക്തമാക്കിയത്. കേസില്‍ പരാതിയില്ലെന്ന നാടകീയനീക്കവുമായാണ് വീണ്ടും സര്‍ക്കാര്‍ രംഗത്തുവന്നത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ളതും നിലനില്‍ക്കുന്നതുമായ പ്രമാദമായ ഒരുകേസ് കീഴ്‌ക്കോടതിയിലൂടെ തീര്‍ക്കാന്‍ ശ്രമിക്കുന്നതായി പരാതിക്കാരന്‍ ആരോപിക്കുന്നു.
എന്നാല്‍, പൗലോസ് അന്തിക്കാട് എന്ന സ്വകാര്യ അന്യായക്കാരന്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ നീക്കംപൊളിയുകയും കേസ് ജൂലൈ 24ലേക്ക് മാറ്റുകയുമായിരുന്നു. മോഹന്‍ലാലിനെ കൂടാതെ തൃപ്പൂണിത്തറ നോര്‍ത്ത് എന്‍എസ് ഗേറ്റില്‍ നയനത്തറ കെ കൃഷ്ണകുമാര്‍, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്ണന്‍, പി എം കൃഷ്ണകുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ നളിനി രാധാകൃഷ്ണന്‍ കോടതിയുമായി സഹകരിക്കാത്തതിനാല്‍ അവര്‍ക്ക് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മാത്രമല്ല, മോഹന്‍ലാല്‍ ഇതുവരെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിട്ടില്ല.
2011 ഒക്ടോബര്‍ 11നാണ് മോഹന്‍ലാലിനെ പ്രതിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. 2012ല്‍ മോഹന്‍ലാലിന്റെ വീട് ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തപ്പോള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് കണ്ടെത്തിയിരുന്നു. നിയവിരുദ്ധമായി ആനക്കൊമ്പ് കൈവശംവച്ചതിനാണ് മോഹന്‍ലാലിനെതിരേ കേസ്. 2015ല്‍ ആനക്കൊമ്പ് മോഹന്‍ലാലിന് നല്‍കിക്കൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. കൃഷ്ണകുമാര്‍ എന്ന വ്യക്തി ആനക്കൊമ്പ് തനിക്ക് പാരിതോഷികമായി നല്‍കിയിരുന്നതാണെന്ന് മോഹന്‍ലാലും അവകാശവാദമുന്നയിച്ചു. എന്നാല്‍, ഇതിനെതിരേ പൗലോസ് അന്തിക്കാട് എന്നയാള്‍ ഹൈക്കോടതിയെ സമീപിക്കുകയും കേസന്വേഷണം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ഹൈക്കോടതി ഇടപെടുകയും ചെയ്തതിനെത്തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
നേരത്തെ ആദായ നികുതി വകുപ്പ് കണ്ടെടുത്ത് വനംവകുപ്പിനെ ഏല്പിച്ചതില്‍ രണ്ടുജോടി ആനക്കൊമ്പുകളും ആനക്കൊമ്പില്‍ തീര്‍ത്ത 11 ശില്പങ്ങളുമുണ്ടായിരുന്നതായും പറയുന്നു. എന്നാല്‍, കുറ്റപത്രത്തില്‍ രണ്ട് ആനക്കൊമ്പുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരേ ഹരജിക്കാരന്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി അറിയുന്നു. കോടതിയില്‍ ഇരിക്കേണ്ട തൊണ്ടിമുതല്‍ ഇപ്പോഴും പ്രതിയുടെ കൈവശമാണെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. കൊവിഡ് 19മായി ബന്ധപ്പെട്ട ഇളവുകളെ തുടര്‍ന്ന് മോഹന്‍ലാലിന് വാറന്റ് അയക്കാതെ കേസ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

