ക്ഷേത്ര ഉല്‍സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

Update: 2026-04-07 07:33 GMT

പാലക്കാട്: കോങ്ങാട് ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. കൊല്ലങ്കോട് ഗോവിന്ദന്‍ കുട്ടി എന്ന ആനയാണ് പാപ്പാന്‍ രാമനെ ഇടഞ്ഞത്. തടുക്കശ്ശേരി നാഗന്‍ കുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പകല്‍ ശീവേലിക്കിടെയായിരുന്നു സംഭവം. തെക്കും ഭാഗം ദേശം എഴുന്നള്ളിച്ച ആനയാണ് ഇടഞ്ഞത്.

വിരണ്ടോടിയ ആന വീടുകളിലേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ തളയ്ക്കുന്നതിനിടെയാണ് പാപ്പാന് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പത്തിരിപാല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇടഞ്ഞ ആനയെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്‍മാരും തളയ്ക്കാന്‍ ശ്രമം നടത്തുകയാണ്.