കെഎസ്ആര്‍ടിസിക്ക് ബാധ്യതയായി ഇലക്ട്രിക് ബസുകളും

ബസ് ഒന്നിന് പ്രതിദിനം 10,000 രൂപയോളം സ്വന്തം കീശയില്‍ നിന്ന് ബസുടമകള്‍ക്ക് നല്‍കിയാണ് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തുന്നത്.

Update: 2020-02-27 05:15 GMT

തിരുവനന്തപുരം:മുന്‍ എംഡി ടോമിന്‍ ജെ തച്ചങ്കരി നടപ്പാക്കിയ ഭരണ പരിഷ്‌കാരത്തിന്റെ ഭാഗമായി പരിസ്ഥിതി മലിനീകരണം ഒഴിവാക്കുന്നതിന് കെഎസ്ആര്‍ടിസി വാടകയ്‌ക്കെടുത്ത ഇലക്ട്രിക് ബസുകള്‍ കോര്‍പറേഷന് വന്‍ ബാധ്യതയാകുന്നു. ബസ് ഒന്നിന് പ്രതിദിനം 10,000 രൂപയോളം സ്വന്തം കീശയില്‍ നിന്ന് ബസുടമകള്‍ക്ക് നല്‍കിയാണ് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഒരു വര്‍ഷത്തിലേറെയായി വരുമാനം വിഴുങ്ങുന്ന ഇലക്ട്രിക് ബസുകളെ ഒഴിവാക്കാന്‍ കെഎസ്ആർടിസി ഗൗരവമായി മറ്റ് വഴികള്‍ ആലോചിക്കുന്നതായാണ് വിവരം.

2018 ജൂണ്‍ മാസത്തിലാണ് കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലായിരുന്നു പരീക്ഷണ ഓട്ടം. മഹാരാഷ്ട്രയിലെ മഹാവോയേജ് കമ്പനിയില്‍ നിന്നും 10 ബസുകള്‍ വാടകയ്‌ക്കെടുത്തായിരുന്നു സര്‍വീസ് തുടങ്ങിയത്. വാടകയായി കിലോ മീറ്ററിന് 43 രൂപ കമ്പനിയ്ക്ക് തല്‍കണം. എറണാകുളം - തിരുവനന്തപുരം റൂട്ടില്‍ മാത്രമാണ് നിലവില്‍ എട്ട് സര്‍വീസുകള്‍ നടത്തുന്നത്. ഇരുവശത്തേയ്ക്കുമായി 440 കിലോ മീറ്റര്‍ ഓടുമ്പോള്‍ ഏകദേശം 20,000 രൂപയോളം കെഎസ്ആര്‍ടിസിക്ക് ചെലവ് വരും. എന്നാല്‍ കളക്ഷന്‍ ഇനത്തില്‍ ലഭിക്കുന്നതാകടെ 10,000 രൂപയും. ഇങ്ങനെ ഫെബ്രുവരി മാസത്തെ നഷ്ടം 12,93,562 രൂപയാണ്. പ്രതിദിനം 7146 രൂപയുടെ നഷ്ടം ഇലക്ട്രിക് ബസുകള്‍ ഓടിക്കുന്നതിലൂടെയുണ്ടാകുന്നുവെന്ന് കെഎസ്ആര്‍ടിസി തന്നെ സമ്മതിക്കുന്നു. ഇതു കൂടാതെയാണ് കണ്ടക്ടറുടെ ശമ്പളം. ഈ സാഹചര്യത്തിലാണ് രണ്ട് ബസുകള്‍ കൊച്ചി മെട്രോ റയില്‍ സര്‍വീസിന് ഒരു വര്‍ഷത്തേയ്ക്ക് കൈമാറിയത്. പ്രതിദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം കുറയ്ക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തല്‍. വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്തുന്ന എസി സ്‌കാനിയ ബസുകളുടെ സ്ഥിതിയും മറിച്ചല്ല. 2022 ഓടെ കെഎസ്ആര്‍ടിസി സര്‍വീസുകളേറെയും ഇലക്ട്രിക് ബസുകളാക്കി മാറ്റാമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് സ്വപ്നമാണ് നിരത്തിലോടുന്ന ഇലക്ട്രിക് ബസുകള്‍ മുളയിലേ നുള്ളിയത്. 

Tags:    

Similar News