കേരളത്തില്‍ നിന്നുള്ള രാജ്യ സഭാ അംഗങ്ങളുടെ തിരഞ്ഞെടുപ്പ്: വാദം പൂര്‍ത്തിയായി; ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് ചോദ്യം ചെയ്ത് എസ് ശര്‍മ്മ എംഎല്‍എയും നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജിയില്‍ ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഹരജി വിധി പറയുന്നതിനായി മാറ്റിയത്.തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചത് നല്ല ഉദ്ദേശ ശുദ്ധിയോടെയാണെന്ന് കമ്മീഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു

Update: 2021-04-09 13:57 GMT

കൊച്ചി: രാജ്യസഭയിലേക്കായി കേരളത്തില്‍ ഒഴിവുവരുന്ന സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പു മാറ്റി വെച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് ചോദ്യം ചെയ്ത് എസ് ശര്‍മ്മ എംഎല്‍എയും നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജിയില്‍ ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഹരജി വിധി പറയുന്നതിനായി മാറ്റിയത്.തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചത് നല്ല ഉദ്ദേശ ശുദ്ധിയോടെയാണെന്ന് കമ്മീഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ന്യായമായ തിരഞ്ഞെടുപ്പ് ജനങ്ങളുടെ ഇഷ്ടത്തെ പ്രതിഫലിപ്പിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നുവെന്ന് പറയുന്നത് ശരിയല്ലെന്നും തിരഞ്ഞെടുപ്പു കമ്മീഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രതിനിധി തിരഞ്ഞെടുപ്പാണ്.അതില്‍ ജനവിധി പ്രതിഫലിക്കണം. ഏപ്രില്‍ 6 ന് ജനങ്ങള്‍ തങ്ങളുടെ വിധി മുദ്രവെച്ചിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

സഭയില്‍ ഒഴിവു വരുന്ന തിയ്യതി മുതല്‍ പുതിയ അംഗം ഉണ്ടായിരിക്കണമെന്ന ഭരണഘടനയിലെ അനുച്ഛേദത്തിന്റെ ലംഘനമാണ് തിരഞ്ഞെടുപ്പു മരവിപ്പിച്ചതിലൂടെ സംഭവിച്ചിരിക്കുന്നതെന്നു ഹരജിക്കാര്‍ ആരോപിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഇപെടലിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പു മരവിച്ചതെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ വെളിപ്പെടുത്തല്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നു ഹരജിക്കാര്‍ വ്യക്തമാക്കി.കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ നിഷ്പക്ഷതയ്ക്ക് കോട്ടം വരുത്തുന്ന രീതിയിലാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.

മാര്‍ച്ച് 17നു പ്രഖ്യാപിച്ച രാജ്യസഭാ തിരഞ്ഞെടുപ്പാണ് കമ്മീഷന്‍ മരവിപ്പിച്ചത്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട കമ്മീഷന്റെ അധികാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതിനെതിരെ കോടതി ഇടപെട്ട് പരിഹാരം നിര്‍ദ്ദേശിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.ഏപ്രില്‍ 21ന് ഒഴിവ് വരുന്ന വയലാര്‍ രവി, കെ കെ രാഗേഷ്, പി വി അബ്ദുള്‍ വഹാബ് എന്നീ എംപിമാരുടെ ഒഴുവകളിലേക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹരജികളിലെ ആവശ്യം.

Tags: