രേഖകള്‍ ചോരുന്നു; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി

തിരഞ്ഞെടുപ്പിന്റെ നടപടികള്‍ റിക്കാര്‍ഡ് ചെയ്യുന്നതിനുവേണ്ടി തയ്യാറാക്കിയ വെബ്കാസ്റ്റിങ്ങും വീഡിയോ റെക്കോര്‍ഡിങ് ഉള്‍പ്പെടെയുള്ളവ ചോര്‍ന്നെന്നാണ് പരാതിയില്‍ പറയുന്നത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പാമ്പുരുത്തി ദ്വീപിലെ വീഡിയോ ദൃശ്യങ്ങളാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം എല്‍ഡിഎഫ് പരസ്യമാക്കിയത്.

Update: 2019-05-03 08:22 GMT

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നടപടികള്‍ ചോരുന്നതായി കോണ്‍ഗ്രസ് പരാതി നല്‍കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ പരാതി നല്‍കിയത്. തിരഞ്ഞെടുപ്പിന്റെ നടപടികള്‍ റിക്കാര്‍ഡ് ചെയ്യുന്നതിനുവേണ്ടി തയ്യാറാക്കിയ വെബ്കാസ്റ്റിങ്ങും വീഡിയോ റെക്കോര്‍ഡിങ് ഉള്‍പ്പെടെയുള്ളവ ചോര്‍ന്നെന്നാണ് പരാതിയില്‍ പറയുന്നത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പാമ്പുരുത്തി ദ്വീപിലെ വീഡിയോ ദൃശ്യങ്ങളാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം എല്‍ഡിഎഫ് പരസ്യമാക്കിയത്. കലക്ടറുടെ ഭാഗത്തെ വീഴ്ചയും ഇതില്‍ നിന്ന് വ്യക്തമാണെന്നും പരാതിയില്‍ പറയുന്നു.

വെബ്കാസ്റ്റിങ് നടക്കാത്ത പോളിങ് സ്റ്റേഷനുകളില്‍ ആയിരുന്നു വീഡിയോഗ്രാഫി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. വീഡിയോഗ്രാഫിയുമായി ബന്ധപ്പെട്ട ഇമേജുകളും വീഡിയോഗ്രാഫി നടത്തിയ സാധനങ്ങളും സര്‍ക്കാരിന്റെ രഹസ്യരേഖയാണ്. ഇതാണ് എല്‍ഡിഎഫ് ഉപയോഗിക്കുന്നത്. രഹസ്യമായി സൂക്ഷിക്കേണ്ട രേഖകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഈ ദൃശ്യങ്ങള്‍ കലക്ടര്‍ക്ക് സീല്‍ ചെയ്ത് സമര്‍പ്പിച്ചതാണ്. വീഡിയോഗ്രഫി പരസ്യമായ ഒരു രേഖ അല്ലാത്തതിനാല്‍ വീഡിയോഗ്രാഫിലൂടെ റിക്കാര്‍ഡ് ചെയ്യപ്പെട്ട വസ്തുതകളും സാധന സാമഗ്രികളും കലക്ടറെ സീല്‍ ചെയ്ത കവറില്‍ ഏല്‍പ്പിക്കുന്നതും ബന്ധപ്പെട്ട കാര്യങ്ങള്‍ രഹസ്യരേഖയില്‍ പെടുന്നവയുമായിരുന്നു.

തിരഞ്ഞെടുപ്പ് രേഖകള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ചുമതലപ്പെട്ട ജില്ലാ കലക്ടര്‍ രഹസ്യരേഖകള്‍ എല്‍ഡിഎഫ് താല്പര്യത്തിനനുസരിച്ച് പരസ്യപ്പെടുത്താന്‍ കൂട്ട് നില്‍ക്കുകയാണെന്ന് സുധാകരന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ദൃശ്യങ്ങള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ പരസ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അവസാനിച്ച സമയത്ത് അന്ന് തന്നെ ഏറ്റ് വാങ്ങി സീല്‍ ചെയ്ത് സൂക്ഷിക്കപ്പെടേണ്ട രേഖകളും സൂക്ഷിക്കപ്പെട്ടുവെന്ന് കരുതുന്ന രേഖകളും തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്‍പത് ദിവസത്തിന് ശേഷം പുറത്ത് വന്നതിന്റെ ദുരൂഹത ജില്ലാ വരണാധികാരിയുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയാണ് വ്യക്തമാക്കുന്നത്.

പാമ്പുരുത്തി ദ്വീപിലെ പോളിങ് സ്റ്റേഷനില്‍ നടന്നുവെന്ന രൂപത്തില്‍ എല്‍ഡിഎഫ് പരസ്യപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതും വ്യാജവുമാണ്. മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളില്‍ എഡിറ്റ് ചെയ്യപ്പെട്ടതാണ് എന്നുള്ളതും ജില്ലയിലെ പോളിങ് സ്റ്റേഷനുകളിലെ വീഡിയോഗ്രാഫി ദൃശ്യങ്ങള്‍ പരസ്യമാക്കാന്‍ വരണാധികാരികൂടിയായ കലക്ടര്‍ കൂട്ട് നില്‍ക്കുന്നതും ശരിയായ നടപടിയല്ലെന്നും ഇക്കാര്യത്തില്‍ അടിയന്തരമായി കമ്മീഷന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

Tags:    

Similar News