'റോസാപ്പൂ' ചിഹ്നം തുടരും; ബിജെപി ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം കോര്‍പറേഷനില്‍ അപരന്മാരുടെ സ്ഥാനവും ചിഹ്നവും മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

Update: 2020-11-28 16:26 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ മാറ്റമുണ്ടാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സ്ഥാനാര്‍ത്ഥി പട്ടികയിലെ പേരുകളിലും ക്രമത്തിലും മാറ്റമുണ്ടാകില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. തിരുവനന്തപുരം കോര്‍പറേഷനില്‍ അപരന്മാരുടെ സ്ഥാനവും ചിഹ്നവും മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലാണ് കമ്മീഷന്റെ വിശദീകരണം.

സ്ഥാനാര്‍ത്ഥി നല്‍കിയ പേരിന് പകരം വീട്ടുപേരുള്‍പ്പെടെ കൂട്ടിച്ചേര്‍ത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തിലാണ് എതിര്‍പ്പ് ഉയര്‍ന്നിരുന്നത്. എന്നാല്‍ അക്ഷരമാല ക്രമത്തില്‍ ആണ് പേരുകള്‍ നല്‍കുന്നതെന്നും ചട്ടപ്രകാരം ഇനി ഇത് മാറ്റി നല്‍കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു.

ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകളിലെ ചട്ടം തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാധകമാവില്ല. പഞ്ചായത്ത് രാജ് ആക്ട് നിയമപ്രകാരമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സ്ഥാനാര്‍ത്ഥികളുടെ പേര് അക്ഷരമാല ക്രമത്തില്‍ വേണമെന്നാണ് ചട്ടം. സ്വതന്ത്ര ചിഹ്നങ്ങളെ കുറിച്ച് നേരത്തെ പരാതി ഇല്ലായിരുന്നുവെന്നും കമ്മീഷന്‍ പറഞ്ഞു.