നേപ്പാളിലെ ഹോട്ടൽ മുറിയിൽ എട്ടു മലയാളികൾ മരിച്ച നിലയിൽ

തണുപ്പകറ്റാൻ ഇവർ മുറിയിലെ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നു. ഇതേത്തുടർന്ന് ശ്വാസം മുട്ടി മരിച്ചതാവാമെന്നാണ് കരുതപ്പെടുന്നത്.

Update: 2020-01-21 08:45 GMT

തിരുവനന്തപുരം: നേപ്പാളിൽ ഹോട്ടൽ മുറിയിൽ എട്ട് മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയിൽ കണ്ടെത്തി. ദമനിലെ റിസോർട്ട് മുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രിയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്.


ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവരെ ഹെലികോപ്റ്ററിൽ അശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. മരിച്ചവരിൽ നാല് കുട്ടികളുമുണ്ട്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ. പ്രബിൻ കുമാർ നായർ (39), ഭാര്യ ശരണ്യ (34), രഞ്ജിത് കുമാർ ടി ബി (39), ഭാര്യ ഇന്ദു രഞ്ജിത് (34), ഇവരുടെ മക്കളായ ശ്രീഭദ്ര (9), അഭിനവ് സൂര്യ (9), അഭി നായർ(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്.


തണുപ്പകറ്റാൻ ഇവർ മുറിയിലെ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നു. ഇതിനെ തുടർന്ന് ശ്വാസം മുട്ടിയാകാം മരിച്ചത് എന്നാണ് കരുതപ്പെടുന്നത്.

മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കാൻ നടപടി

നേപ്പാളിലെ ദമനിൽ റിസോർട്ട് മുറിയിൽ എട്ട് മലയാളികൾ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സർക്കാർ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം നോർക്ക അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദാരുണമായ സംഭവത്തിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഏറെ നടക്കമുണ്ടാക്കിയ ദുരന്തമെന്ന് മന്ത്രി

നേപ്പാള്‍ ദമാനിലെ ഹോട്ടല്‍ മുറിയില്‍ 8 മലയാളി വിനോദ സഞ്ചാരികള്‍ മരിച്ചെന്ന വാര്‍ത്ത ഏറെ നടുക്കമുണ്ടാക്കുന്നതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിവരമറിഞ്ഞ ഉടന്‍ തന്നെ സംസ്ഥാന പോലിസ് മേധാവിയ്ക്ക് നേപ്പാള്‍ പോലിസുമായി ബന്ധപ്പെടാനും ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശപ്രകാരം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നോര്‍ക്ക അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. നേപ്പാളിലെ ഇന്ത്യന്‍ സ്ഥാനപതിയും ഇന്ത്യയില്‍ നിന്നുള്ള ഒരു ഡോക്ടറും കാഠ്‌മണ്ടുവിലെ ആശുപത്രിയിലുണ്ട്. മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

കേന്ദ്ര സഹമന്ത്രി വി മുരളീധരനുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. ആവശ്യമായ ഇടപെടലുകള്‍ നടത്തിയതായി അദ്ദേഹവും പറഞ്ഞു. ദാരുണമായ ഈ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും മന്ത്രി അറിയിച്ചു.

Tags:    

Similar News