ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ്: ആശങ്ക വേണ്ട ; ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം

ഇടമലയാറില്‍ നിശ്ചിത പരിധിയിലും താഴെയാണ് ജലനിരപ്പ്. ഭൂതത്താന്‍കെട്ട് മുതല്‍ മലയാറ്റൂര്‍, കാലടി, ആലുവ, ഏലൂര്‍ തുടങ്ങിയ പെരിയാര്‍ തടങ്ങളിലും ജലനിരപ്പ് സാധാരണ നിലയിലാണ്

Update: 2021-10-29 05:01 GMT

കൊച്ചി: എറണാകുളം ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എങ്കിലും പെരിയാര്‍ തീരത്ത് ജാഗ്രത തുടരണമെന്നും ജില്ലാ ഭരണകൂടം. നിശ്ചിത പരിധിയിലും താഴെയാണ് ജലനിരപ്പ്. ഭൂതത്താന്‍കെട്ട് മുതല്‍ മലയാറ്റൂര്‍, കാലടി, ആലുവ, ഏലൂര്‍ തുടങ്ങിയ പെരിയാര്‍ തടങ്ങളിലും ജലനിരപ്പ് സാധാരണ നിലയിലാണ്. എങ്കിലും പെരിയാര്‍ തീരത്ത് ജാഗ്രത തുടരണമെന്നും എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് രാവിലെ 35 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 534 ക്യൂസെക്‌സ് (15 ക്യുമെക്‌സ്) അളവില്‍ വെളളം പുറത്തേക്കൊഴുക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ അധികജലം മൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നാമമാത്രമായ വ്യതിയാനം മാത്രമാണ് ഉണ്ടാവുക. മഴയുടെ സാഹചര്യം കൂടി വിലയിരുത്തി ഇന്ന് വൈകുന്നേരം നാലിന് ശേഷമോ നാളെ രാവിലെ മുതലോ 100 ക്യൂമെക്‌സ് വരെ നിരക്കില്‍ ഇടുക്കിയില്‍ നിന്നും പെരിയാറിലേക്ക് ജലമൊഴുക്കാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇത്രയും ജലം പെരിയാറിലെ ജലനിരപ്പിനെ കാര്യമായി ബാധിക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.കനത്ത മഴ ചെയ്താല്‍ മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ മാറ്റം പ്രതീക്ഷിക്കുന്നത്. എല്ലാ സാഹചര്യങ്ങളും മുന്നില്‍ കണ്ട് എല്ലാവിധ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടം തുടരുകയാണ്. ആവശ്യമായ മുന്നറിയിപ്പുകള്‍ യഥാസമയം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ എല്ലാ സംവിധാനവും സജ്ജമാണ്.നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും അധികൃതരുടെ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Tags:    

Similar News