ലൈഫ് മിഷൻ സിഇഒ യുവി ജോസിന്റെ മൊഴി എൻഫോഴ്സ്മെൻ്റ് രേഖപ്പെടുത്തി
ലൈഫ് മിഷൻ പദ്ധതിക്കായി ലഭിച്ച പണത്തിൽ ഒരു ഭാഗം തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷിന് കമ്മീഷനായി നൽകിയെന്ന ആരോപണത്തിലാണ് ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ എൻഫോഴ്‌സ്‌മെൻ്റ് ചോദ്യം ചെയ്തത്.
തിരുവനന്തപുരം: ലൈഫ് മിഷൻ സിഇഒ യു വി ജോസിൻ്റെ മൊഴി എൻഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തി. ലൈഫ് മിഷൻ പദ്ധതിക്കായി ലഭിച്ച പണത്തിൽ ഒരു ഭാഗം തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷിന് കമ്മീഷനായി നൽകിയെന്ന ആരോപണത്തിലാണ് ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ എൻഫോഴ്‌സ്‌മെൻ്റ് ചോദ്യം ചെയ്തത്.
യുഎഇ കോൺസുലേറ്റുമായുള്ള ബന്ധവും യൂണിടാക്കിന് കരാർ നൽകി വിവരവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. അതേസമയം, ലൈഫ് മിഷൻ വിവാദവുമായി ബന്ധപ്പെട്ടു സിഇഒ യു വി ജോസിനോട് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഉപകരാർ പുറത്തുവന്നതിന് പിന്നാലെ മന്ത്രി എ സി മൊയ്തീൻ ഓഫീസിൽ വിളിച്ചു വരുത്തിയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. യൂണിടാകും കോൺസുലേറ്റും തമ്മിലുള്ള കരാറിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് യു വി ജോസ് മന്ത്രിയെ അറിയിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റിനു വേണ്ടി യൂണിടാക്കുമായി കരാർ ഒപ്പിട്ടത് യുഎഇ കോൺസുൽ ജനറലാണ് എന്നതടക്കമുള്ള വിവരങ്ങളായിരുന്നു കരാറിൽ ഉണ്ടായിരുന്നത്.