ബിനീഷ് കോടിയേരിയുടെ നാല് സുഹൃത്തുക്കള്‍ക്ക് ഇഡിയുടെ നോട്ടീസ്
ബിനീഷ് കോടിയേരി കൈകാര്യം ചെയ്തിരുന്ന വിവിധ അക്കൗണ്ടുകളിൽ അരുൺ വൻ തോതിൽ പണം നിക്ഷേപിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ ബിനാമികളെന്ന് സംശയിക്കുന്ന നാല് പേർക്ക് ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്)യുടെ നോട്ടീസ്. കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ്, അനിക്കുട്ടൻ, അരുൺ, റഷീദ് എന്നിവർക്കാണ് ഇ.ഡി. നോട്ടീസ് അയച്ചത്. ചോദ്യംചെയ്യാനായി നവംബർ 18-ന് ബെംഗളൂരു ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.
ബിനീഷ് കോടിയേരിയുമായി വൻതോതിൽ സാമ്പത്തിക ഇടപാട് നടത്തിയെന്ന് കണ്ടെത്തിയ ബിനീഷിന്റെ നാല് സുഹൃത്തുക്കൾക്കാണ് ഇഡി ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. അബ്ദുൾ ലത്തീഫിന് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. അതിനിടെ, ഇയാൾ ഒളിവിലാണെന്നും അഭ്യൂഹങ്ങളുണ്ട്.
ബിനീഷ് കോടിയേരി കൈകാര്യം ചെയ്തിരുന്ന വിവിധ അക്കൗണ്ടുകളിൽ അരുൺ വൻ തോതിൽ പണം നിക്ഷേപിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. അനിക്കുട്ടൻ ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതിന് തെളിവുണ്ടെന്നും ഇഡി വാദിക്കുന്നു. ഇവർ നാല് പേരെയും ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ബിനീഷിന്റെ റിമാൻഡ് റിപോർട്ടിൽ ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നാലുപേർക്കും നോട്ടീസ് അയച്ചത്.