കൊച്ചി: നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റിന് (എന്‍സിഎസ്)എതിരായ കള്ളപ്പണക്കേസില്‍ ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്)അന്വേഷണം പത്തനംതിട്ട എംപി ആന്റോ ആന്റണിയിലേക്കും. ആന്റോ ആന്റണിക്ക് നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു നല്‍കിയത് തട്ടിപ്പു പണമാണെന്നാണ് വിലയിരുത്തല്‍.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 2019ല്‍ പലതവണയായി ഇദ്ദേഹത്തിന് രണ്ടുകോടി രൂപ വായ്പ നല്‍കിയെന്ന് കഴിഞ്ഞ ദിവസം എന്‍ എം രാജു വെളിപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആന്റോ ആന്റണിക്ക് ഇ ഡി ഉടന്‍ നോട്ടീസ് നല്‍കും.
ശബരിമല സ്വര്‍ണ മോഷണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞ ദിവസം ഇ ഡി നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഓഫിസില്‍ റെയിഡ് നടത്തിയിരുന്നു. തന്ത്രി ഈ സ്ഥാപനത്തില്‍ രണ്ടര കോടി രൂപ നിക്ഷേപിച്ചതായുള്ള വാര്‍ത്തയുടെ നിജസ്ഥിതിയും ഇഡി അ്വന്വേഷണത്തില്‍ ലക്ഷ്യമായി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നല്‍കിയ രണ്ടുകോടി രൂപ മടക്കി നല്‍കിയില്ലെന്നായിരുന്നു രാജുവിന്റെ ആരോപണം. പലതവണ ആവശ്യപ്പെട്ടതിനുശേഷം 20ലക്ഷം രൂപ മാത്രമാണ് മടക്കി നല്‍കിയത്.രേഖയൊന്നുമില്ലാതെ വ്യക്തിബന്ധം വച്ച് പണം നല്‍കിയതാണെന്നും രാജു പറഞ്ഞു.
പണം വാങ്ങിയ കാര്യം ആന്റോ ആന്റണി പരസ്യമായി സമ്മതിച്ചിരുന്നതാണ്. പ്രചാരണത്തിനായി സഹായിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുഴുവന്‍ പണവും രാജുവിന് തിരികെ നല്‍കി എന്നുമാണ് ആന്റോയുടെ അവകാശ വാദം. എന്‍ എം രാജു തുക കൈമാറിയിട്ടുണ്ടെങ്കില്‍ ഈ പണം കുറ്റകൃത്യത്തില്‍നിന്നുള്ള പണമായി കണക്കാക്കേണ്ടിവരുമെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. മാത്രമല്ല,ഈ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കില്‍ കാണിക്കേണ്ടതാണ്. ഇക്കാര്യവും ഇഡിയുടെ പരിശോധനയില്‍ വരും.
കഴിഞ്ഞ ദിവസം നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കറ്റില്‍ ഇ ഡി റെയ്ഡ് നടത്തി. നെടുമ്പറമ്പില്‍ ഫിനാന്‍സിന്റെ പ്രവര്‍ത്തനം നിലച്ച തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓഫിസിലും സ്ഥാപന ഉടമ രാജുവിന്റെ രാമന്‍ചിറയിലെ വീട്ടിലുമാണ് പരിശോധന. ഇതിനിടെ തന്ത്രി പണം നിക്ഷേപിച്ചെന്ന വാര്‍ത്ത രാജു നിഷേധിച്ചു.
ശബരിമല സ്വര്‍ണ മോഷണ കേസില്‍ അടൂര്‍ പ്രകാശിന് പിന്നാലെ ആന്റോ ആന്റണി എംപിയെ ചോദ്യം ചെയ്യാന്‍ പ്രത്യേകാന്വേഷണ സംഘവും (എസ്‌ഐടി)തയാറെടുക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ തന്നെ നോട്ടിസ് നല്‍കി വിളിപ്പിക്കാനാണ് തീരുമാനം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള അടുപ്പം കേന്ദ്രീകരിച്ചാണ് ആന്റോ ആന്റണിയെയും ചോദ്യം ചെയ്യുന്നത്. സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍കുന്ന ചിത്രത്തില്‍ ആന്റോ ആന്റണിയുമുണ്ട്. സോണിയ ഗാന്ധിയുടെ കയ്യില്‍ പോറ്റി ചരട് കെട്ടുന്നതും ആന്റോ ആന്റണിയുടെ സാന്നിധ്യത്തിലാണ്.

