സാമ്പത്തിക സംവരണം: ലീഗിനും യുഡിഎഫിനുമെതിരേ രൂക്ഷ വിമര്‍ശവുമായി സീറോ മലബാര്‍ സഭ

സംസ്ഥാന ജനസംഖ്യയിലെ 27%ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണ്.

Update: 2020-10-28 06:13 GMT

കോട്ടയം: സാമ്പത്തിക സംവരണ വിഷയത്തില്‍ മുസ്‌ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് സീറോ മലബാര്‍ സഭ. ദീപികയിലെ എഡിറ്റോറിയല്‍ പേജ് ലേഖനത്തിലാണ് വിമര്‍ശനം. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം എഴുതിയ 'സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത' എന്ന ലേഖനത്തിലാണ് ലീഗിനെതിരേ വിമര്‍ശനമുള്ളത്. അതേസമയം സീറോ മലബാർ സഭയുടെ നിലപാടിനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്.

ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27%ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണ്. എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതെന്ന് കരുതാന്‍ സാധിക്കില്ല. സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു.

സംവരണ വിഷയത്തില്‍ വിവിധ ബിജെപി, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളും ലേഖനം പരിശോധിക്കുന്നുണ്ട്. സംവരണത്തിനെതിരേ മുസ്‌ലിം ലീഗും അനുബന്ധ കക്ഷികളും നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു.

പാര്‍ലിമെന്റില്‍ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടന ഭേദഗതി ബില്ലിനെതിരേ വോട്ട് ചെയ്തത് മുസ്‌ലിം ലീഗിന്റെ രണ്ടു എംപിമാരും എഐഎംഐഎമ്മിന്റെ ഒരു എംപിയുമാണ്. ലീഗിന്റെ നിലപാടുകളില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്കു വരുന്നുവെന്ന ​ഗുരുതര ആരോപണമാണ് ലേഖനത്തിൽ ഉന്നയിച്ചിരിക്കുന്നത്. ‌

കോണ്‍ഗ്രസിന് ദേശീയ നിലപാടിനെ പോലും അനുകൂലിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്?. വ്യത്യസ്ത നിലപാടുകള്‍ പരസ്യമായി പറയുന്ന എംഎല്‍എമാരുടെ മേല്‍ പാര്‍ട്ടിക്ക് കാര്യമായ നിയന്ത്രണമില്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാന്‍ സാധിക്കുമോ എന്ന് സംശയമുണ്ടെന്ന രൂക്ഷ വിമര്‍ശനവും ലേഖനത്തിലുണ്ട്. യുഡിഎഫ് വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യത്തേയും സഭ ലേഖനത്തിൽ പ്രതിസ്ഥാനത്ത് നിർത്തിയിട്ടുണ്ട്.

ഭാരത സംസ്കാരത്തിന്റെ മഹിമയും മതേതര മൂല്യങ്ങളും ഇല്ലാതാക്കാനുള്ള അധികാരങ്ങളും അവകാശങ്ങളുമല്ല ജനാധിപത്യ ഭാരതത്തിൽ രാഷ്ട്രീയപാർട്ടികൾക്കു തിരഞ്ഞെടുപ്പിലൂടെ ലഭിക്കുന്നത് എന്ന്ത് ആരും മറക്കാതിരിക്കട്ടെ എന്നും ലേഖനത്തിൽ ഓർമിപ്പിക്കുന്നതിലൂടെ ഹിന്ദുത്വ അജണ്ടയ്ക്കൊപ്പമാണ് തങ്ങളെന്ന പ്രഖ്യാപനമാണ് സഭ നടത്തിയിരിക്കുന്നത്.