ഇ പോസ് മെഷീന്‍ തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി

തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. രാവിലെ 9 മുതലാണ് വ്യാപകമായി നെറ്റ് വര്‍ക്ക് തടസ്സപ്പെട്ടത്.

Update: 2021-01-27 07:48 GMT

തിരുവനന്തപുരം: ഇ പോസ് യന്ത്രം തകരാറിലായതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെട്ടു. നെറ്റ്‌വര്‍ക്ക് പ്രശ്‌നം മൂലമാണ് മണിക്കൂറുകളോളം റേഷന്‍ വിതരണം പൂര്‍ണമായും മുടങ്ങിയത്. കിറ്റുകളുടെ വിതരണവും മുടങ്ങിയിട്ടുണ്ട്. മൂന്നുദിവസമായി നെറ്റ് വര്‍ക്ക് തകരാര്‍ മൂലം റേഷന്‍ വിതരണം തടസ്സപ്പെടുകയാണ്. റേഷന്‍ വ്യാപാരികള്‍ ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്.

തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. രാവിലെ 9 മുതലാണ് വ്യാപകമായി നെറ്റ് വര്‍ക്ക് തടസ്സപ്പെട്ടത്. യന്ത്രം പ്രവര്‍ത്തിച്ച റേഷന്‍കടകളില്‍തന്നെ ഓരോരുത്തരുടെയും വിരലടയാളം പതിക്കാനും ഒടിപി വരാനുമൊക്കെ ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയാണുണ്ടായത്. മിക്കവാറും ദിവസങ്ങളില്‍ നെറ്റ് വര്‍ക്ക് കിട്ടാതെ ഇടയ്ക്കിടക്ക് ഇ പോസ് തടസ്സപ്പെടാറുണ്ട്. എന്നാല്‍, മണിക്കൂറുകളോളം സേവനം നിലച്ചതോടെയാണ് റേഷന്‍ വിതരണം സ്തംഭിച്ചത്.

മാസാവസാനമായതിനാല്‍ കൂടുതല്‍ പേര്‍ റേഷന്‍ വാങ്ങാനെത്തിയതാണ് നെറ്റ് വര്‍ക്ക് പ്രശ്‌നത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്ന് സെര്‍വര്‍ മാറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് നേരത്തെ ഉടമകള്‍ക്ക് ഉറപ്പുനല്‍കിയുന്നു. നെറ്റ് വര്‍ക്ക് പ്രശ്‌നമുളള ഇടങ്ങളില്‍ ഉടമകള്‍ക്ക് പുതിയ സിം നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഇതൊന്നും നടപ്പില്‍ വന്നിട്ടില്ലെന്നാണ് വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നത്.

Tags:    

Similar News