ഇ- ഗവേണന്‍സ് പുരസ്‌കാരങ്ങള്‍; ഇരട്ടനേട്ടത്തിന്റെ തിളക്കവുമായി കോട്ടയം

ജില്ലയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും ചിത്രങ്ങളും ഡയറക്ടറിയും ഉള്‍പ്പെടുന്ന ഇംഗ്ലീഷ്-മലയാളം വെബ്സൈറ്റിന് (https://kottayam.nic.in/) കഴിഞ്ഞവര്‍ഷം ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

Update: 2020-10-28 18:29 GMT

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഇ-ഗവേണന്‍സ് പുരസ്‌കാരപ്രഖ്യാപനത്തില്‍ കോട്ടയം ജില്ലയ്ക്ക് ഇരട്ട നേട്ടത്തിന്റെ തിളക്കം. ഏറ്റവും മികച്ച വെബ്‌സൈറ്റിനുള്ള പുരസ്‌കാരം ജില്ലയുടെ വെബ്സൈറ്റ് നേടിയപ്പോള്‍ മികച്ച അക്ഷയ കേന്ദ്രമായി വാഴപ്പള്ളി പഞ്ചായത്തിലെ കുരിശും മൂട് അക്ഷയ കേന്ദ്രം തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും ചിത്രങ്ങളും ഡയറക്ടറിയും ഉള്‍പ്പെടുന്ന ഇംഗ്ലീഷ്-മലയാളം വെബ്സൈറ്റിന് (https://kottayam.nic.in/) കഴിഞ്ഞവര്‍ഷം ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍ഐസി) രൂപകല്‍പ്പന ചെയ്ത സൈറ്റ് കാഴ്ചവൈകല്യമുള്ളവര്‍ക്ക് സ്‌ക്രീന്‍ റീഡര്‍ ഉപയോഗിച്ച് വായിച്ചുകേള്‍ക്കാനും സാധിക്കും. എന്‍ഐസിയുടെ സാങ്കേതിക സഹായത്തോടെ ജില്ലാ ഭരണകേന്ദ്രമാണ് അപ്‌ഡേറ്റ് ചെയ്യുന്നത്. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വിപുലമായ സേവനം നല്‍കുന്നത് പരിഗണിച്ചാണ് വയനാട്ടിലെ കൊറോം അക്ഷയ കേന്ദ്രത്തിനൊപ്പം കുരിശുംമൂട് അക്ഷയ കേന്ദ്രത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

ആധാര്‍ സേവനങ്ങള്‍ക്ക് പ്രത്യേക കൗണ്ടര്‍, ജീവനക്കാര്‍ക്ക് പഞ്ചിങ് സംവിധാനം, എല്ലാ മാസവും പ്രവര്‍ത്തന അവലോകനം, സമൂഹമാധ്യമങ്ങള്‍, എസ്എംഎസ്, എഫ്എം റേഡിയോ എന്നിവയിലൂടെയുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ഈ കേന്ദ്രത്തിന്റെ സവിശേഷതകളാണ്.

Tags: