ആഭ്യന്തരകലഹം; കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി

21 അംഗങ്ങളുള്ള ബ്ലോക്ക് കമ്മിറ്റിയിൽ 19 പേരും രാജിവച്ചു. കായംകുളത്തെ എംഎൽഎ യു പ്രതിഭയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തർക്കമാണ് രാജിക്ക് കാരണമെന്നാണ് സൂചന. ഡിവൈഎഫ്ഐ കായംകുളം മേഖലാ സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പടെ രാജിവെച്ചിട്ടുണ്ട്.

Update: 2020-05-03 10:45 GMT

ആലപ്പുഴ: ആഭ്യന്തര കലഹത്തെ തുടർന്ന് കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി. 21 അംഗങ്ങളുള്ള ബ്ലോക്ക് കമ്മിറ്റിയിൽ 19 പേരും രാജിവച്ചു. കായംകുളത്തെ എംഎൽഎ യു പ്രതിഭയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തർക്കമാണ് രാജിക്ക് കാരണമെന്നാണ് സൂചന. ഡിവൈഎഫ്ഐ കായംകുളം മേഖലാ സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പടെ രാജിവെച്ചിട്ടുണ്ട്. കൂട്ടരാജിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃത്വത്തോട് സിപിഎം  ജില്ലാ സെക്രട്ടറി ആർ നാസർ നിർദേശം നൽകിയിട്ടുണ്ട്.

അടുത്തിടെ ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സാജിദിന്‍റെ വീട്ടിലേക്ക് കായംകുളം സിഐ തോക്കുമായെത്തി പരിശോധന നടത്തിയതിൽ നേതാക്കൾ പ്രതിഷേധത്തിലായിരുന്നു. സാജിദ് ഒരു വധശ്രമക്കേസിൽ പ്രതിയാണെന്നും അറസ്റ്റ് ചെയ്യാനാണ് എത്തിയതെന്നുമാണ് സിഐയുടെ വിശദീകരണം. എന്നാൽ സിഐയെക്കൊണ്ട് എംഎൽഎ ഇവരെ അറസ്റ്റ് ചെയ്യിക്കാൻ ശ്രമിക്കുകയാണെന്നാണ് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ ആരോപണം.  സിഐയെ പിന്തുണയ്ക്കുന്നത് എംഎൽഎ ആണെന്നാണ് ഡിവൈഎഫ്ഐ നേതാക്കളുടെ പരാതി. ഈ സാഹചര്യത്തിലാണ് കൂട്ടത്തോടെ ഡിവൈഎഫ്ഐ പ്രവർത്തകർ രാജിവയ്ക്കുന്നത്.

ഏറെ നാളായി ഡിവൈഎഫ്ഐയും പോലിസുമായി നിലനിന്നിരുന്ന തർക്കത്തിൽ പാർട്ടി നേതൃത്വം ഇടപെടുന്നില്ലെന്നാണ് രാജിവെച്ചവർ ഉന്നയിക്കുന്ന പ്രശ്നം. യു പ്രതിഭയുമായി നിലനിൽക്കുന്ന പ്രശ്നത്തിൽ പാർട്ടി തങ്ങൾക്കൊപ്പമില്ല.ഡിവൈഎഫ്ഐ നേതാക്കളെ നിരന്തര വേട്ടയാടുന്ന പോലിസിനെതിരെ നടപടിയെടുക്കണമെന്ന നിർദേശം പാർട്ടി ഗൗരവമായി എടുക്കുന്നില്ല. തുടങ്ങിയ കാര്യങ്ങളാണ് രാജിവെച്ചവരുടെ പ്രധാന ആരോപണം. ഏരിയാ, ജില്ലാ കമ്മിറ്റി നേതൃത്വത്തിന് ഇതുസംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. അതേസമയം ഒരു വിഭാഗം പ്രവർത്തകർ സംഘടനയുടെ പ്രവർത്തനങ്ങൾ കളങ്കം സൃഷ്ടിക്കുന്ന പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു.

Tags:    

Similar News