ലോക്ക് ഡൗൺ കാലയളവിൽ സംസ്ഥാനത്ത് പിടിച്ചത് 36,500 ലിറ്റർ ചാരായം
ഇതേകാലയളവിൽ കഞ്ചാവിന്റെ ഉപയോഗം കുറഞ്ഞെന്ന് എക്‌സൈസിന്റെ കണക്കുകൾ പറയുന്നു. 27.7 കിലോ കഞ്ചാവ് മാത്രമാണ് ഇതുവരെ പിടിച്ചെടുത്തത്.
തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് എക്‌സൈസ് പിടിച്ചത് 36,500 ലിറ്റർ ചാരായം. കഴിഞ്ഞവർഷം ആകെ പിടിച്ചത് 4550 ലിറ്റർ ചാരായമായിരുന്നു. ഇതിന്റെ എട്ടിരട്ടിവരും ഇപ്പോൾ പിടിച്ചെടുത്ത ചാരായം. കേസുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. കഴിഞ്ഞ മാർച്ച് 24 മുതൽ ഇന്നലെ വരെ 1300 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസ്, 160 എണ്ണം. രണ്ടാം സ്ഥാനത്ത് കോഴിക്കോട് ജില്ലയാണ്- 150 കേസുകൾ.
ഏറ്റവും കൂടുതൽ കോട പിടിച്ചതും കോഴിക്കോട് ജില്ലയിലാണ്. 21,400 ലിറ്ററാണ് പിടിച്ചെടുത്തത്. തിരുവനന്തപുരത്ത് 95, പത്തനംതിട്ടയിൽ 98, ആലപ്പുഴയിൽ 136, കോട്ടയത്ത് 69, ഇടുക്കിയിൽ 50, എറണാകുളത്ത് 70, തൃശൂരിൽ 55, പാലക്കാട് 114, മലപ്പുറത്ത് 60, കണ്ണൂരിൽ 126, കാസർകോട് 62 അബ്കാരി കേസുകൾ ഈ കാലയളവിൽ രജിസ്റ്റർ ചെയ്തു. എക്‌സൈസ് പിടികൂടിയ കണക്കു മാത്രമാണിത്. ഇപ്പോൾ പിടിച്ചതിന്റെ ഇരട്ടിയിലധികം ചാരായം വാറ്റി വിൽപ്പന നടത്തിയതായി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പറയുന്നു.
ഇതേകാലയളവിൽ കഞ്ചാവിന്റെ ഉപയോഗം കുറഞ്ഞെന്ന് എക്‌സൈസിന്റെ കണക്കുകൾ പറയുന്നു. 27.7 കിലോ കഞ്ചാവ് മാത്രമാണ് ഇതുവരെ പിടിച്ചെടുത്തത്. ഫെബ്രുവരിയിൽ 347 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ലോക്ക്ക് ഡൗണായതിനാൽ വാഹന ഗതാഗതം പൂർണമായും നിരോധിച്ചതിനാലാണ് കഞ്ചാവ് കേസുകളുടെ എണ്ണം കുറയാൻ കാരണം. കഴിഞ്ഞദിവസം അടൂരിനു സമീപം പച്ചക്കറി ലോറിയിൽ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. സ്പിരിറ്റൊഴുക്കും കുറഞ്ഞതായി എക്‌സൈസ് പറയുന്നു. മദ്യലഭ്യത കുറഞ്ഞതു കാരണം കുറുക്കുവഴികളിലൂടെ ചിലർ സ്പിരിറ്റെത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് വ്യക്തമാക്കി.
