30 കോടിയുടെ മയക്കുമരുന്നു പിടിച്ച കേസ്: ഒന്നാം പ്രതിയുടെ വസ്തുവകകളുടെ ക്രയവിക്രയം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചു

2018 ഫെബ്രു.17 നായിരുന്നു കേസിന് ആസ്പദമായ സംഭവം.അന്ന് സ്‌പെഷ്യല്‍ സ്‌ക്വോഡ് സിഐയായിരുന്ന സജി ലക്ഷമണന്‍ ആയിരുന്നു മയക്കു മരുന്ന് പിടിച്ചത്. കേസില്‍ മൂന്നു പ്രതികള്‍ അറസ്റ്റിലായിരുന്നു.

Update: 2019-02-14 12:57 GMT

കൊച്ചി: 30 കോടിയുടെ മയക്കുമരുന്നു പിടിച്ച കേസിലെ ഒന്നാം പ്രതിയുടെ സ്ഥാവരജംഗമ വസ്തുക്കളുടെ ക്രയവിക്രയം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചു. കാറില്‍ കടത്തികൊണ്ടു വന്ന 30 കോടി രൂപയുടെ 5,020 കിലോഗ്രാം എംഡിഎംഎ എന്ന മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ ഒന്നാം പ്രതിയായ പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ കൈപ്പുള്ളി വീട്ടില്‍ ഫൈസലിന്റെ സ്ഥാവരജംഗമ വസ്തുക്കളുടെ ക്രയവിക്രയമാണ് നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോ ട്രോപ്പിക് സബ്സ്റ്റന്‍സ് ആക്ടിലെ 68 എഫ് വകുപ്പു പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീനാര്‍ക്കോട്ടിക്‌സ് പെഷ്യല്‍ സ്‌ക്വോഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുരേഷ് മരവിപ്പിച്ചത്. 2018 ഫെബ്രു.17 നായിരുന്നു കേസിന് ആസ്പദമായ സംഭവം 'അന്ന് സ്‌പെഷ്യല്‍ സ്‌ക്വോഡ് സിഐയായിരുന്ന സജി ലക്ഷമണന്‍ ആയിരുന്നു മയക്കു മരുന്ന് പിടിച്ചത്. കേസില്‍ മൂന്നു പ്രതികള്‍ അറസ്റ്റിലായിരുന്നു.

വ്യാവസായിക അളവില്‍ മയക്കുമരുന്നുകള്‍ കണ്ടെടുക്കുന്ന കേസില്‍ പ്രതികളുടേയും അടുത്ത ബന്ധുക്കളുടേയും സ്ഥാവരജംഗമ വസ്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരം നല്‍കുന്നുണ്ട്. ഇതു പ്രകാരം മയക്കു മരുന്നു കേസില്‍ അറസ്റ്റ് ചെയ്യപെടുന്ന പ്രതികള്‍ അറസ്റ്റിലാകുന്ന തീയതി മുതല്‍ പിന്നിലെ 6 വര്‍ഷം കൊണ്ട് പ്രതികളും അടുത്ത ബന്ധുക്കളും ആര്‍ജ്ജിച്ച സ്ഥാവരജംഗമ വസ്തുക്കളെ കുറിച്ച് അന്വേഷണം നടത്താന്‍ മയക്കുമരുന്നു നിയമത്തിലെ 68 ഇ വകുപ്പു പ്രകാരം അധികാരമുണ്ട്. ഈ വസ്തുവകകള്‍ മയക്കുമരുന്നു വ്യാപാരത്തിലൂടെ ലഭിച്ച പണം കൊണ്ട് ആര്‍ജ്ജിച്ചതാണന്ന് കണ്ടെത്തിയാല്‍ മയക്കുമരുന്നു നിയമത്തിലെ 68 എഫ് വകുപ്പു പ്രകാരം പ്രസ്തുത സ്ഥാവരജംഗമ വസ്തുക്കളുടെ ക്രയവിക്രയം അന്വേഷണ ഉദ്യോഗസ്ഥന് മരവിപ്പിക്കാം. 30 കോടിയുടെ മയക്കു മരുന്നു പിടിച്ച കേസിലെ ഒന്നാം പ്രതിയായ ഫൈസല്‍ പാലക്കാട് കരിമ്പ വില്ലേജില്‍ സര്‍വേ നമ്പര്‍ 15 2/2 ബി യില്‍ പണി കഴിപ്പിച്ച 149. 24 മീറ്റര്‍ സ്‌ക്വയര്‍ വിസ്തീര്‍ണമുള്ള ഇരുനില വീട് മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിച്ച പണമുപയോഗിച്ച് നിര്‍മ്മിച്ചതാണന്ന് കണ്ടെത്തിയെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുരേഷ് തേജസ് ന്യൂസിനോട് പറഞ്ഞു.ഇതിന്റെ അടിസ്ഥാനത്തിലാണ് വസ്തുക്കളുടെ ക്രയവിക്രയം മരവിപ്പിച്ചത്.കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് റവന്യുവിന്റെ കീഴില്‍ ചെന്നൈ ആസ്ഥാനമാക്കി കോമ്പീറ്റന്റ് അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്. മയക്കു മരുന്നു വ്യാപാരത്തിലൂടെ ആര്‍ജ്ജിച്ചതല്ല ഈ സ്വത്തുക്കള്‍ എന്ന് പ്രതി കോബീറ്റന്റ് അതോറിറ്റി മുന്‍പാകെ തെളിയിക്കുകയോ അല്ലങ്കില്‍ മയക്കുമരുന്നു കേസില്‍ പ്രതിയെ വെറുതെ വിടുകയോ ചെയ്താല്‍ മാത്രമേ ഈ വസ്തുവകകള്‍ പ്രതിക്ക് തിരിച്ചു കിട്ടുകയുള്ളൂ. അതല്ലാത്ത പക്ഷം ഈ വസ്തുവകകള്‍ സര്‍ക്കാറിലേക്ക്് കണ്ടുകെട്ടുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുരേഷ് പറഞ്ഞു.



Tags:    

Similar News