ഡ്രൈവിങ് പരിശീലനത്തിന് ഇളവ് നൽകണമെന്ന് സ്കൂൾ ഉടമകൾ

രണ്ടു മാസത്തിലേറെയായി ഡ്രൈവിങ് സ്കൂളുകൾ എല്ലാം അടഞ്ഞുകിടക്കുകയാണ്. ഈ രംഗത്തു പ്രവർത്തിക്കുന്ന നിരവധി പേരാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്.

Update: 2020-05-30 09:45 GMT

തിരുവനന്തപുരം: ലോക്ക് ഡൗൺ മാർഗ്ഗനിർദേശങ്ങൾക്ക് ഇളവുകൾ നൽകിയ സാഹചര്യത്തിൽ ഡ്രൈവിങ് പരിശീലനത്തിന് ഇളവ് നൽകണമെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകൾ. പൊതുഗതാഗതത്തിന് ഉൾപ്പെടെ സർക്കാർ ഇളവുകൾ നൽകിയ സാഹചര്യത്തിലാണ് ഡ്രൈവിങ് സ്കൂളുകാരുടെ ഈ ആവശ്യം.

രണ്ടു മാസത്തിലേറെയായി ഡ്രൈവിങ് സ്കൂളുകൾ എല്ലാം അടഞ്ഞുകിടക്കുകയാണ്. ഈ രംഗത്തു പ്രവർത്തിക്കുന്ന നിരവധി പേരാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്. പരിശീലനത്തിനായി ഉപയോഗിച്ചിരുന്ന വാഹനങ്ങൾ പലതും ഷെഡിലാണ്. പലതും തുരുമ്പെടുത്ത് ഓടിക്കാൻ പറ്റാത്ത സാഹചര്യത്തിലുമാണ്. വാഹനങ്ങൾ ഓടിക്കാതെ കിടക്കുന്നതു കൊണ്ട് പല വാഹനങ്ങളും നശിച്ചു.

വാഹനങ്ങൾ ഓടിച്ചു തുടങ്ങണമെങ്കിൽ നല്ലൊരു തുക മുടക്കി അറ്റകുറ്റപണി നടത്തണം. വായ്പയെടുത്താണ് പലരും വാഹനങ്ങൾ വാങ്ങിയിരിക്കുന്നത്.ഈ ഇനത്തിൽ നല്ലൊരു തുക അടച്ചു തീർക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഇവർ പറയുന്നു. പല വാഹനങ്ങളുടെയും ബാറ്ററികൾ പോയി. ഓയിലുകൾ കട്ടപിടിച്ചു. ഡ്രൈവിങ് സ്കൂൾ ഓഫീസുകൾ എല്ലാം അടഞ്ഞുകിടക്കുകയാണെങ്കിലും കെട്ടിട ഉടമകൾ വാടക ചോദിച്ചു കൊണ്ടിരിക്കുകയാണ്.

ബസുകളും ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും നിരത്തിലിറങ്ങാൻ അനുവാദം നൽകിയ സാഹചര്യത്തിൽ തങ്ങൾക്ക് ഒരു വാഹനത്തിൽ രണ്ടു പേരെ ഇരുത്തിയെങ്കിലും ഡ്രൈവിങ് പരിശീലിപ്പിക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Tags:    

Similar News