കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അപകടകരമായി വാഹനമോടിച്ചു; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

Update: 2026-02-03 05:50 GMT

കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി ബസിന് മുന്‍പില്‍ അപകടകരമായി വാഹനമോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ്. എടപ്പാളിലെ ഡ്രൈവര്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 5 ദിവസത്തെ നിര്‍ബന്ധിത പരിശീലനത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ചെറുവത്തൂര്‍ സ്വദേശി ഷാഗിദ് ഷാഹുലിനെതിരേയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. കോടതിയില്‍ പിഴയടക്കാനും നിര്‍ദേശമുണ്ട്.

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് മുന്നില്‍ 12 കിലോമീറ്ററോളം ദൂരം കാര്‍ തടസം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. കാസര്‍ഗോഡ് നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബസിന് മുന്നിലായിരുന്നു അഭ്യാസ പ്രകടനം. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതിന്റെ വീഡിയോ അടക്കമാണ് മോട്ടോര്‍ വാഹന വകുപ്പിന് കെഎസ്ആര്‍ടിസി പരാതി നല്‍കിയത്.

കാറില്‍ ബസ് ഇടിക്കാന്‍ വന്നുവെന്നും കാര്‍ കുഴിയിലേക്ക് വീഴാതെ രക്ഷപ്പെട്ടതാണെന്നും യുവാവ് മോട്ടര്‍ വാഹന വകുപ്പിന്റെ ചോദ്യം ചെയ്യലില്‍ കാറുടമ പറഞ്ഞത്. കാസര്‍കോട് ബേക്കലില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ബസ് ഇടിച്ച ശേഷം നിര്‍ത്താന്‍ ആവശ്യപ്പെട്ടാണ് മുന്‍പില്‍ പോയതെന്നും എന്നാല്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ വണ്ടി നിര്‍ത്താന്‍ തയ്യാറായില്ലെന്നുമാണ് യുവാവ് വ്യക്തമാക്കുന്നത്.