തിരുവനന്തപുരത്ത് മൂന്നുദിവസം കുടിവെള്ളം മുടങ്ങും; പ്രതിസന്ധി ഒരാഴ്ചയോളം തുടരാന്‍ സാധ്യത

Update: 2026-03-12 07:55 GMT

തിരുവനന്തപുരം: ജല അതോറിറ്റിയുടെ അടിയന്തര അറ്റകുറ്റപ്പണികളെത്തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ ഭൂരിഭാഗം വാര്‍ഡുകളിലും ഇന്ന് (വ്യാഴാഴ്ച) മുതല്‍ മൂന്നുദിവസത്തേക്ക് കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് മേയര്‍ വി വി രാജേഷ് അറിയിച്ചു. അറ്റകുറ്റപ്പണി നീളുകയാണെങ്കില്‍ നിയന്ത്രണം ഒരാഴ്ച വരെ നീളാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പൊങ്ങുംമൂട് സബ് ഡിവിഷന്‍ ഓഫീസിന് കീഴില്‍, തട്ടിനകം പാലത്തിന് സമീപത്തുള്ള ജല അതോറിറ്റിയുടെ 900 എംഎം പിഎസ് സി പൈപ്പ് ലൈനിലെ ചോര്‍ച്ച പരിഹരിക്കുന്നതിനായാണ് അടിയന്തര പ്രവൃത്തികള്‍ നടത്തുന്നത്. കരിക്കകം, അണമുഖം, പേട്ട വാര്‍ഡിന്റെ കടകംപള്ളിയോട് ചേര്‍ന്ന ഭാഗങ്ങള്‍, മെഡിക്കല്‍ കോളേജ് വാര്‍ഡ് എന്നീ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങില്ല. ഇതിനുപുറമെ കോര്‍പ്പറേഷന്‍ പരിധിയിലെ മറ്റ് എല്ലാ വാര്‍ഡുകളിലും ജലവിതരണം തടസ്സപ്പെടും.

ജലക്ഷാമം നേരിടാന്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ വിപുലമായ ക്രമീകരണങ്ങളാണ് കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 15,000 ലിറ്റര്‍ ശേഷിയുള്ള ഏഴ് ടാങ്കറുകളും 3,000 മുതല്‍ 5,000 ലിറ്റര്‍ വരെ ശേഷിയുള്ള 65 ടാങ്കറുകളും സജ്ജമാക്കിയിട്ടുണ്ട്. വലിയ ടാങ്കറുകളില്‍ നിന്ന് ഇടറോഡുകളിലേക്ക് വെള്ളം എത്തിക്കുന്നതിനായി 2,000, 3,000, 5,000 ലിറ്റര്‍ ശേഷിയുള്ള ചെറിയ ടാങ്കറുകള്‍ ഉപയോഗിക്കും. വീടുകളിലേക്കുള്ള ശുദ്ധജല വിതരണം പൂര്‍ണമായും സൗജന്യമായിരിക്കും. എന്നാല്‍ വാണിജ്യ സ്ഥാപനങ്ങള്‍ മുന്‍പത്തെപ്പോലെ തന്നെ വെള്ളം വാങ്ങേണ്ടതാണ്. ജനങ്ങള്‍ക്ക് കുടിവെള്ളവുമായി ബന്ധപ്പെട്ട പരാതികല്‍ അറിയിക്കാന്‍ കോര്‍പ്പറേഷന്റെ ഹെല്‍പ്ലൈന്‍ നമ്പരായ 9446677838-ല്‍ ബന്ധപ്പെടാം.