കുടിവെള്ള ടാങ്ക് സ്ഥാപിക്കാന്‍ പണമില്ലാത്തവര്‍ക്കും കുടിവെള്ളത്തിന് അവകാശമുണ്ട്: മനുഷ്യാവകാശ കമ്മീഷന്‍

രാത്രികാലങ്ങളില്‍ മൂന്നുമണിക്കൂര്‍ സമയം കുടിവെള്ളം വിതരണം ചെയ്യുമ്പോള്‍ ടാങ്കില്‍ ശേഖരിക്കണമെന്ന ജല അതോറിറ്റിയുടെ വാദം നീതികരിക്കാന്‍ കഴിയുന്നതല്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Update: 2020-11-30 11:28 GMT

തിരുവനന്തപുരം: കുടിവെള്ള ടാങ്ക് സ്ഥാപിക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കും അതിനുള്ള സാമ്പത്തികശേഷി ഇല്ലാത്തവര്‍ക്കും കുടിവെള്ളം ലഭിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍.കുടിവെള്ളം സംഭരിക്കാന്‍ ടാങ്ക് ഉള്ളവര്‍ക്ക് ജലദൗര്‍ലഭ്യം അനുഭവപ്പെടാറില്ലെന്ന ജല അതോറിറ്റിയുടെ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്.

രാത്രികാലങ്ങളില്‍ മൂന്നുമണിക്കൂര്‍ സമയം കുടിവെള്ളം വിതരണം ചെയ്യുമ്പോള്‍ ടാങ്കില്‍ ശേഖരിക്കണമെന്ന ജല അതോറിറ്റിയുടെ വാദം നീതികരിക്കാന്‍ കഴിയുന്നതല്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ശാസ്തമംഗലം മംഗലം ലെയിനില്‍ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മംഗലം റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ജി ജയകുമാര്‍ സമര്‍പ്പിച്ച പരാതിക്കുള്ള മറുപടിയിലാണ് ജല അതോറിറ്റി ടാങ്കിന്റെ കാര്യം പറഞ്ഞത്.

നഗരത്തില്‍ നിലവിലുള്ള ജലക്ഷാമം പരിഹരിക്കാന്‍ 75 എംഎല്‍ഡി ശേഷിയുള്ള ശുദ്ധീകരണ ശാലയുടെ നിര്‍മാണം അരുവിക്കരയില്‍ നടന്നുവരികയാണെന്നും ഇത് പ്രവര്‍ത്തനക്ഷമമായാല്‍ നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നും ജല അതോറിറ്റി കമ്മീഷനെ അറിയിച്ചു. മംഗലം ലെയ്‌നിലെ താമസക്കാര്‍ക്ക് തടസ്സം കൂടാതെ കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ എക്‌സിക്യകൂട്ടീവ് എന്‍ജിനീയര്‍ക്ക് (നോര്‍ത്ത്) ഉത്തരവ് നല്‍കി.

Tags:    

Similar News